‘യൂദാസുമാർ പാർട്ടിക്കുള്ളിലുമുണ്ട്’; വിജിലൻസ് അന്വേഷണം സർവാത്മനാ സ്വാഗതം ചെയ്ത് പി.പി. ദിവ്യ

കണ്ണൂർ: കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന സാമ്പത്തിക ക്രമക്കേടുകളിലും അനധികൃത സ്വത്ത് സമ്പാദനത്തിലും വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം നേതാവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികൾക്കൊപ്പം ഇരുന്ന് മറുതോണിയിൽ പിന്തുണ നൽകുന്ന ‘യൂദാസുമാരുടെ’ മുഖംമൂടികൾ സമയമാകുമ്പോൾ ജനങ്ങൾക്ക് മുന്നിൽ അഴിഞ്ഞുവീഴുമെന്നും അവർ കുറിച്ചു.
“ഉപ്പ് തിന്നവർ വെള്ളം കുടിക്കും, ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും”, അന്വേഷണം നടക്കട്ടെയെന്നും ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്നും കുറിച്ചു. തന്റെ പേരിലോ ഭർത്താവിന്റെ പേരിലോ ബിനാമിയായോ അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ അത് പരാതിക്കാരനായ മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ പോലും തയ്യാറാണെന്ന് അവർ വെല്ലുവിളിച്ചു. ഭർത്താവിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ബാങ്ക് വായ്പയെടുത്ത് വാങ്ങിയ 50 സെന്റ് ഭൂമിയും ഒരു കാറും ഇരുചക്രവാഹനവും അല്ലാതെ മറ്റ് അനധികൃത സമ്പാദ്യങ്ങളൊന്നുമില്ലന്നും കുറിപ്പിൽ പറയുന്നു.
ജില്ല പഞ്ചായത്തിന്റെ പദ്ധതികളെല്ലാം ഇ-ടെൻഡർ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയിട്ടുള്ളതെന്നും 25 കോടിയുടെ അഴിമതിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. രണ്ടു വർഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും വേട്ടയാടലിനും ഒരറുതി വേണമെന്നും അന്വേഷണം പേടിച്ച് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഷമ്മാസിന്റെ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ താൽപര്യങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും വ്യക്തമാക്കിയാണ് പി.പി. ദിവ്യ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. കാർട്ടൺ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നായിരുന്നു പരാതിയിലെ ആരോപണം. കെ.എസ്.യു. സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകി. മുൻപ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നില്ല.
പുതിയ തീരുമാനത്തോടെയാണ് പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്.കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും. കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളും ഇതിൽ പരിശോധിക്കുമെന്നാണ് വിവരം. കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും നിയമനടപടികളെയും തുടർന്ന് അവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വരികയും പാർട്ടി തലത്തിൽ നടപടികൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു.
