ചങ്ങലയുരഞ്ഞ മുറിവുകൾ, കടുത്ത പോഷകാഹാരക്കുറവ്; നാട്ടാനയോട് ക്രൂരത, നടപടിയുമായി വനംവകുപ്പ്

ബാലുശ്ശേരി: മതിയായ ഭക്ഷണവും പരിചരണവും ലഭിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ ‘ചെറിയപറമ്പത്ത് ഗോപാലൻ’ എന്ന നാട്ടാനയുടെ ഉടമയുടെയും പാപ്പാന്റെയും പേരിൽ വനംവകുപ്പ് കേസെടുത്തു. ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥന്റെ ഉടമസ്ഥതയിലുള്ള ആനയാണിത്. ഈ മാസം നടത്തിയ പരിശോധനയിലാണ് ആനയുടെ നാലുകാലുകളിലും ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകളും വ്രണങ്ങളും ഉള്ളതായി കണ്ടെത്തിയത്. രോഗാവസ്ഥയിലും ആനയെ തടിപിടിത്തത്തിന് കൊണ്ടുപോയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
പരാതികളെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം ബാലുശ്ശേരി ഏകരൂലിലെ വീട്ടിലെത്തി ആനയെ പരിശോധിക്കുകയായിരുന്നു. ആനയുടെ രക്തസാംപിളുകൾ ശേഖരിച്ച് പൂക്കോട് വെറ്ററിനറി കോളേജിലേക്ക് പരിശോധനക്ക് അയച്ചു. പരിശോധനയിൽ ആനക്ക് കടുത്ത പോഷകാഹാരക്കുറവുണ്ടെന്നും മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും വ്യക്തമായി. തുടർന്ന് വീണ്ടും നടത്തിയ പരിശോധനയിൽ രജിസ്റ്ററിൽ നിർദേശിച്ച ഭക്ഷണക്രമം നൽകുന്നില്ലെന്നും ഇത് ആനയെ കടുത്ത ക്ഷീണത്തിലേക്ക് നയിച്ചെന്നും സ്ഥിരീകരിച്ചതോടെ ഉടമയുടെയും പാപ്പാന്റെയും പേരിൽ കേസെടുക്കുകയായിരുന്നു.
നിലവിൽ സോഷ്യൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ് ആനയുടെ ഭക്ഷണക്രമവും പരിചരണവും. കഴിഞ്ഞ ആഴ്ചയിലേക്കാൾ ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും റേഞ്ച് ഓഫിസർ കെ.എൻ. ദിവ്യ പറഞ്ഞു. ക്ഷീണത്തെത്തുടർന്ന് ആന തൃശ്ശൂരിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്ന് ഉടമ സി.പി. സത്യനാഥൻ പറഞ്ഞു. കഴിഞ്ഞ തൃശ്ശൂർ പൂരത്തിനാണ് അവസാനമായി എഴുന്നള്ളിപ്പിന് കൊണ്ടുപോയതെന്നും സമീപകാലത്ത് തടിയെടുപ്പിനോ മറ്റു ഭാരമുള്ള ജോലികൾക്കോ ആനയെ അയച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
