കറങ്ങിവീണ് കേരളം; രഞ്ജി ട്രോഫിയിൽ വമ്പൻ തോൽവി; ബംഗാളിന്റെ ജയം 287 റൺസിന്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് വമ്പൻ തോൽവി. 287 റൺസിനാണ് ബംഗാളിന്റെ ജയം. കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് 120 റൺസിൽ അവസാനിച്ചു.
നാലാംദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആതിഥേയരെ ആദ്യ സെഷനിൽ തന്നെ സന്ദർശകർ എറിഞ്ഞിട്ടു. ഇടംകൈയൻ സ്പിന്നർ പ്രദീപ്ത പ്രമാണിക്കിന്റെ ഉജ്ജ്വല ബൗളിങ്ങാണ് രണ്ട് ഇന്നിങ്സുകളിലും കേരളത്തിന്റെ ബാറ്റിങ് നിരയെ തകർത്തത്. രണ്ടു ഇന്നിങ്സിലുമായി 10 വിക്കറ്റാണ് താരം കറക്കിവീഴ്ത്തിയത്. കേരളത്തെ ആദ്യ ഇന്നിങ്സിൽ 141 റൺസിന് പുറത്താക്കി 209 റൺസിന്റെ ലീഡ് നേടിയ ബംഗാൾ രണ്ടാം ഇന്നിങ്സിൽ 198 റൺസിന് പുറത്തായി. തുടർന്ന് 408 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് 120 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റൻ വിഷ്ണു വിനോദ് (52 പന്തിൽ 19), സൽമാൻ നിസാർ (10 പന്തിൽ ഒന്ന്), മുഹമ്മദ് അസ്ഹറുദ്ദീൻ (44 പന്തിൽ 26), ആദിത്യ സർവാതെ (പൂജ്യം), വൈശാഖ് ചന്ദ്രൻ (16 പന്തിൽ മൂന്ന്), എം.ഡി. നിധീഷ് (28 പന്തിൽ 33) എന്നിവരുടെ വിക്കറ്റുകളാണ് അവസാന ദിനം വീണത്. ബേസിൽ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.
ബംഗാളിനായി 19 ഓവറിൽ 51 റൺസ് വഴങ്ങിയാണ് പ്രതീപ്ത ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ താരം നാലു വിക്കറ്റ് നേടിയിരുന്നു. മുഹമ്മദ് ഷമി, ഷഹബാസ് അഹ്മദ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആറ് വിക്കറ്റിന് 101 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് അധികം നീണ്ടില്ല. 40 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി കേരളത്തിന് നഷ്ടമായി. ആറ് റൺസെടുത്ത ജലജ് സക്സേനയാണ് ആദ്യം മടങ്ങിയത്. തുടർന്നെത്തിയ വൈശാഖ് ചന്ദ്രൻ (5), എം.ഡി. നിധീഷ് (0) എന്നിവർ ഉടൻ മടങ്ങി. എൻ.പി. ബേസിൽ റണ്ണൗട്ടാവുക കൂടി ചെയ്തതോടെ കേരളത്തിന്റെ ഇന്നിങ്സ് 141ൽ അവസാനിച്ചു. മുഹമ്മദ് അസ്ഹറുദ്ദീൻ 30 റൺസുമായി പുറത്താകാതെ നിന്നു.
കേരളത്തെ ഫോളോ ഓൺ ചെയ്യിക്കുന്നതിന് പകരം വീണ്ടും ബാറ്റ് ചെയ്ത ബംഗാളിനായി തുടക്കം മുതൽ മികച്ച ഷോട്ടുകളിലൂടെ അഭിമന്യു ഈശ്വരൻ സ്കോർ വേഗത്തിൽ മുന്നോട്ടു നീക്കി. സ്കോർ 46ൽ നിൽക്കെ ബംഗാളിന്റെ ആദ്യ വിക്കറ്റ് വീണു. 12 റൺസെടുത്ത അങ്കുൾ പോളിനെ എൻ.പി. ബേസിൽ ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ സുധീപ് കുമാർ ഘരാമിയും 12 റൺസുമായി മടങ്ങി. മറുവശത്ത് ബാറ്റിങ് തുടർന്ന അഭിമന്യു ഈശ്വരൻ 47 റൺസെടുത്ത് പുറത്തായി. ഇന്നിങ്സ് വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെ ബംഗാളിന്റെ വിക്കറ്റുകൾ മുറക്ക് വീണു. 46 ഓവറിൽ 198 റൺസിന് ബംഗാൾ ഓൾ ഔട്ടായി. ബംഗാളിന് വേണ്ടി സുധീപ് ചാറ്റർജി 34ഉം, മുഹമ്മദ് ഷമി 26ഉം റൺസെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജലജ് സക്സേനയാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്.
ആദിത്യ സർവാതെ മൂന്നും എൻ.പി. ബേസിൽ രണ്ടും വിക്കറ്റ് വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയപ്പോഴും കേരളത്തിന് ബാറ്റിങ് തകർച്ച നേരിട്ടു. തന്റെ രണ്ടാം ഓവറിൽ ഇരട്ട പ്രഹരവുമായി പ്രദീപ്ത പ്രമാണിക് കേരളത്തെ തുടക്കത്തിൽ തന്നെ സമ്മർദത്തിലാക്കി. അഭിഷേക് ജെ. നായരും (0) അഭിഷേക് പി. നായരും (0) അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ രണ്ട് വിക്കറ്റിന് 15 റൺസെന്ന നിലയിലായി കേരളം. വൈകാതെ 18 റൺസെടുത്ത ജലജ് സക്സേനയും പ്രദീപ്തക്ക് വിക്കറ്റ് നൽകി മടങ്ങി. സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും പ്രദീപ്തയുടെ പന്തിൽ സച്ചിൻ (10) പുറത്തായതോടെ ബംഗാൾ വീണ്ടും മത്സരത്തിൽ പിടിമുറുക്കി. നാലാം ദിനം പ്രതീക്ഷിച്ചതു പോലെ കേരളം അതിവേഗം കീഴടങ്ങി.
