ഹിറ്റ്മാൻ റിട്ടേൺസ്! മുംബൈ ഇന്ത്യൻസ് നായകനായി വീണ്ടും രോഹിത് ശർമ? ഹാർദിക്കിന്റെ ഭാവിയിൽ അനിശ്ചിതത്വം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) വരാനിരിക്കുന്ന സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് വെറ്ററൻ താരം രോഹിത് ശർമ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഹാർദിക് പാണ്ഡ്യക്കു കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിലും (2024, 2025, 2026) ടീമിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.
ഒരിക്കൽ മാത്രമാണ് ടീമിന് പ്ലേ ഓഫ് യോഗ്യത നേടാനായത്. പിന്നാലെയാണ് ഹിറ്റ്മാനെ ഫ്രാഞ്ചൈസി വീണ്ടും ക്യാപ്റ്റനാക്കുന്നത്. ഐപിഎല്ലിൽ മുംബൈ അഞ്ച് തവണയും കിരീടം നേടിയത് രോഹിത്തിന്റെ ക്യാപ്റ്റൻസിയിലാണ്. കഴിഞ്ഞ സീസണിൽ ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ 14 മത്സരങ്ങളിൽ വെറും നാല് വിജയങ്ങൾ മാത്രമാണ് മുംബൈ നേടിയത്. പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഹാർദിക് പാണ്ഡ്യയെ നായകസ്ഥാനത്തുനിന്ന് മാറ്റി വീണ്ടും രോഹിത് ശർമയെ ചുമതലയേൽപ്പിക്കാനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു. 2025 ഐപിഎല്ലിനിടയിൽ പാണ്ഡ്യയെ നായകസ്ഥാനത്തുനിന്ന് മാറ്റാൻ നിത അംബാനിയുടെ സഹ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി തീരുമാനിച്ചിരുന്നുവെന്നും എന്നാൽ പകരം ആരെ നിയമിക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2026ൽ ഇന്ത്യയെ ട്വന്റി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെപ്പോലുള്ള താരങ്ങളും മുംബൈ ടീമിലുണ്ട്. തിലക് വർമ്മയുടെ പേരാണ് രോഹിത് ആദ്യം നിർദേശിച്ചത്. എന്നാൽ നായകസ്ഥാനം വീണ്ടും ഏറ്റെടുക്കണമെന്ന് ഫ്രാഞ്ചൈസി അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. രോഹിത് അതിന് സമ്മതിച്ചതായാണ് വിവരം.
ന്യൂസിലൻഡിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. പുതിയ പരിശീലകരെ നിയമിക്കുന്ന കാര്യത്തിലും രോഹിത്തിന്റെ അഭിപ്രായം തേടിയതായാണ് വിവരം. 2024ലാണ് രോഹിത് നായകസ്ഥാനം ഹാർദിക് പാണ്ഡ്യക്ക് കൈമാറിയത്.
രോഹിത് വീണ്ടും നായകസ്ഥാനത്തേക്ക് എത്തുന്നതോടെ ഹാർദിക് പാണ്ഡ്യയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുകയാണ്. 2026 ഐപിഎൽ അവസാനിച്ചതിന് പിന്നാലെ താരം ടീം മാറിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പരിക്കേറ്റ ഓൾ റൗണ്ടർ 2026 ഐപിഎല്ലിന് ശേഷം ഇതുവരെ മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ), രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലേക്ക് ഹാർദിക്ക് മാറിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൽ കൊൽക്കത്തയിലേക്ക് മാറാനാണ് കൂടുതൽ സാധ്യതയുള്ളത്. അജിങ്ക്യ രഹാനെ വിരമിച്ചതോടെ ടീമിന് പുതിയ നായകനെ ആവശ്യമാണ്. ഹാർദിക്കിന്റെ വരവ് ടീമിന്റെ മധ്യനിരയിലെ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ട്രേഡ് നീക്കം നടക്കാതെ വന്നാൽ രോഹിത് ശർമയുടെ നായകത്വത്തിന് കീഴിൽ കളിക്കാൻ 32കാരനായ ഹാർദിക് സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2015ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഹാർദിക് പാണ്ഡ്യ ഐപിഎൽ കരിയർ ആരംഭിച്ചത്. 2021ൽ ടീം വിട്ട താരം ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി. അരങ്ങേറ്റ സീസണിൽത്തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക്, 2023ൽ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു. 2024 സീസണിന് ട്രേഡ് ഇടപാടിലൂടെ താരം വീണ്ടും മുംബൈ ഇന്ത്യൻസിലെത്തി.
രോഹിത് ശർമ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന വാർത്ത പുറത്തുവന്ന അതേ ദിവസമാണ് പരിശീലകസംഘത്തിൽ സമ്പൂർണ അഴിച്ചുപണി നടത്തുന്നതായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചത്.
നേരത്തെ മഹേല ജയവർധനക്കു പകരം കീറോൺ പൊള്ളാർഡിനെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. പിന്നാലെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയെ ബാറ്റിങ് പരിശീലകനായും ന്യൂസിലൻഡ് താരം മിച്ചൽ മക്ലെനഗനെ ബൗളിങ് പരിശീലകനായും നിയമിച്ചു. മുൻ ഇന്ത്യൻ ദേശീയ ടീം ഫീൽഡിങ് പരിശീലകനായ ടി. ദിലീപ് ഫീൽഡിങ് പരിശീലകന്റെ ചുമതല വഹിക്കും. ധവാൽ കുൽക്കർണിയെ ഡെവലപ്മെന്റ് ബൗളിങ് പരിശീലകനായും നിയമിച്ചു.
