മീനങ്ങാടി സ്കൂൾ വിനോദയാത്ര; പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും ബാറിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത്

കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പി.ടി.എ പ്രസിഡന്റും ഹൈദരാബാദിലെ ബാർ റസ്റ്റോറന്റിൽ കയറുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. മീനങ്ങാടി യുഡിഎഫ് നേതൃത്വമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഹൈദരാബാദിലെ നമ്പള്ളിയിലുള്ള ബോംബെ ബാർ ആൻഡ് റസ്റ്റോറന്റിലേക്ക് ഇരുവരും പ്രവേശിക്കുന്നതും പിന്നീട് പുറത്തേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബാറിലെ ബില്ല് പേ ചെയ്തതിന്റെ വിവരങ്ങളുമാണ് പുറത്തുവന്നിട്ടുണ്ട്. ബാറിൽ മദ്യത്തിന്റെ ബില്ല് തുകയായി 1100 രൂപ നൽകിയെന്നും തുക നൽകിയത് പിടിഎ പ്രസിഡൻ്റ് സ്വന്തം എടിഎം കാർഡ് ഉപയോഗിച്ച് ആണെന്നും യുഡിഎഫ് ആരോപിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് മീനങ്ങാടി നേതൃത്വം വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ളവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും ആരോപണങ്ങൾക്ക് പ്രിൻസിപ്പൽ നൽകിയ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിനോദയാത്രക്കിടെ മദ്യപിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ വിദ്യാർഥികൾ കടുത്ത സമ്മർദത്തിനും ചോദ്യംചെയ്യലുകൾക്കും വിധേയരായെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി. ചില വിദ്യാർഥികൾ ആദ്യം നൽകിയ മൊഴികൾ പിന്നീട് മാറ്റിയത് അധ്യാപകരുടെ ഭീഷണിയെ തുടർന്നാണെന്നും നേതൃത്വം ആരോപിച്ചു. വിദ്യാർഥികളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമീഷനെ സമീപിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നായിരുന്നു പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ നേരത്തെയുള്ള പ്രതികരണം. വിനോദയാത്രക്കിടെ മദ്യപിച്ചെന്ന ആരോപണത്തെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ അദ്ദേഹത്തിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. പ്രിൻസിപ്പലിനെ പിന്തുണച്ച് ഒരു വിഭാഗം വിദ്യാർഥികളും നേരത്തെ രംഗത്തെത്തിയിരുന്നു.
വിനോദയാത്രയുടെ നടത്തിപ്പിൽ ചട്ടലംഘനമുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഷിവി കൃഷ്ണനെ വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ, ഈ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ട് യു.ഡി.എഫ് ആരോപണം ശക്തമാക്കിയത്.
