‘ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലക്ക് ദിശാബോധം നൽകിയ മൗലാന’; അബുൽ കലാം ആസാദിന്റെ ജൻമദിനത്തിൽ മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ തകർന്നടിഞ്ഞ ഒരു സമ്പദ്വ്യവസ്ഥയിൽ നിന്നുകൊണ്ട് നവഭാരതത്തിന്റെ ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ അടിത്തറ പണിതുയർത്തിയത് മൗലാന അബുൽ കലാം ആസാദാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. അബുൽ കലാം ആസാദിന്റെ ജൻമദിനമായ ഇന്നാണ് ദേശീയ വിദ്യാഭ്യാസ ദിനം. കോളനിവാഴ്ച തകർത്തുകളഞ്ഞ ഒരു സമൂഹത്തിൽ, ശാസ്ത്രീയ ചിന്തയും മാനവികതാബോധവും തുല്യമായി സമ്മേളിക്കുന്ന ഒരു വിദ്യാഭ്യാസ ഘടന നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായി മന്ത്രി അനുസ്മരിച്ചു.
‘സ്വാതന്ത്ര്യത്തേക്കാൾ പവിത്രമായി അദ്ദേഹം കണ്ടത് ഈ നാടിന്റെ ബഹുസ്വരതയെയും മതനിരപേക്ഷതയെയുമായിരുന്നു. 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഭരണഘടനാപരമായി ഉറപ്പുവരുത്തണം എന്ന കാഴ്ചപ്പാടിന് തുടക്കമിട്ടത് മൗലാനയാണ്. 1951ൽ ഇന്ത്യയിലെ ആദ്യത്തെ IIT ഖരഗ്പൂരിൽ സ്ഥാപിച്ചും സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാൻ 1953ൽ University Grants Commission സ്ഥാപിച്ചും കേവല സ്ഥാപനവൽക്കരണത്തിനപ്പുറത്ത് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലക്ക് ഒരു ദിശാബോധമാണ് മൗലാന നൽകിയത്. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി ഉൾപ്പെടെയുള്ള സാംസ്കാരിക ഇടങ്ങൾക്കും തുടക്കം കുറിച്ചു.
മൗലാനയുടെ ഓർമ്മകൾ ഒരു ചരിത്രാനുസ്മരണം മാത്രമല്ല. ജനാധിപത്യത്തിനും ശാസ്ത്രബോധത്തിനും വേണ്ടിയുള്ള ഉജ്ജ്വലമായ രാഷ്ട്രീയ പ്രതിരോധം കൂടിയാണ്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
“ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെങ്കിൽ അത് ഇന്ത്യയുടെ നഷ്ടമായിരിക്കും. എന്നാൽ ഹിന്ദു മുസ്ലിം ഐക്യം തകർന്നാൽ അത് മുഴുവൻ മനുഷ്യരാശിയുടെയും നഷ്ടമായിരിക്കും”…. 1940ലെ രാമഗഡ് കോൺഗ്രസ് സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിൽ മൗലാന അബുൽ കലാം ആസാദ് പറഞ്ഞ ഈ വാക്കുകൾ എല്ലാകാലത്തും ചരിത്രത്തിലെ ഉജ്വലമായ രേഖപ്പെടുത്തലാണ്. സ്വാതന്ത്ര്യത്തേക്കാൾ പവിത്രമായി അദ്ദേഹം കണ്ടത് ഈ നാടിന്റെ ബഹുസ്വരതയെയും മതനിരപേക്ഷതയെയുമായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ, തകർന്നടിഞ്ഞ ഒരു സമ്പദ്വ്യവസ്ഥയിൽ നിന്നുകൊണ്ട് നവഭാരതത്തിന്റെ ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ അടിത്തറ പണിതുയർത്തിയത് മൗലാനയാണ്. കോളനിവാഴ്ച തകർത്തുകളഞ്ഞ ഒരു സമൂഹത്തിൽ, ശാസ്ത്രീയ ചിന്തയും മാനവികതാബോധവും തുല്യമായി സമ്മേളിക്കുന്ന ഒരു വിദ്യാഭ്യാസ ഘടന നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഭരണഘടനാപരമായി ഉറപ്പുവരുത്തണം എന്ന കാഴ്ചപ്പാടിന് തുടക്കമിട്ടത് മൗലാനയാണ്. 1951ൽ ഇന്ത്യയിലെ ആദ്യത്തെ IIT ഖരഗ്പൂരിൽ സ്ഥാപിച്ചും സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാൻ 1953ൽ University Grants Commission സ്ഥാപിച്ചും കേവല സ്ഥാപനവൽക്കരണത്തിനപ്പുറത്ത് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലക്ക് ഒരു ദിശാബോധമാണ് മൗലാന നൽകിയത്. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി ഉൾപ്പെടെയുള്ള സാംസ്കാരിക ഇടങ്ങൾക്കും തുടക്കം കുറിച്ചു.
മൗലാനയുടെ ഓർമ്മകൾ ഒരു ചരിത്രാനുസ്മരണം മാത്രമല്ല. ജനാധിപത്യത്തിനും ശാസ്ത്രബോധത്തിനും വേണ്ടിയുള്ള ഉജ്ജ്വലമായ രാഷ്ട്രീയ പ്രതിരോധം കൂടിയാണ്. മൗലാന അബുൽ കലാം ആസാദിന്റെ അനശ്വര സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഏവർക്കും ദേശീയ വിദ്യാഭ്യാസ ദിനാശംസകൾ..
