കെസിഎച്ച്ആറിനെ കാവിവത്കരിക്കാൻ നീക്കമെന്ന് പിണറായി; ‘ചെയർപേഴ്സൺ നിയമനം യു.ഡി.എഫ് സർക്കാർ അട്ടിമറിച്ചു, നിയമിച്ചത് യോഗ്യതയില്ലാത്തയാളെ ’

തിരുവനന്തപുരം: സെർച്ച് കമ്മിറ്റി അഭിപ്രായം മറികടന്ന് കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) ചെയർമാനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചെയർപേഴ്സൺ നിയമനം അട്ടിമറിച്ചത് അപലപനീയമാണ്. സെർച്ച് കമ്മിറ്റി നിർദേശിച്ച പേരുകൾ ഏകപക്ഷീയമായി വെട്ടിമാറ്റി, യോഗ്യതയില്ലാത്ത ഒരാളെയാണ് ഈ പദവിയിൽ നിയമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രഫ. കെ.എൻ. പണിക്കർ, പ്രഫ. മൈക്കിൾ തരകൻ, പ്രഫ. കെ.എൻ. ഗണേഷ്‌ തുടങ്ങിയ പ്രഗത്ഭരായ ചരിത്രകാരന്മാർ നേതൃത്വം നൽകിയ, മതനിരപേക്ഷ ചരിത്രരചനയുടെ അഭിമാനപാരമ്പര്യമുള്ള സ്ഥാപനമാണിത്. ​സെർച്ച് കമ്മിറ്റി പരിഗണിക്കുകപോലും ചെയ്യാത്ത ഒരു കോളജ് അധ്യാപകനെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടിടപെട്ടാണ് ചെയർമാനായി നിയമിച്ചിരിക്കുന്നത്.

യുഡിഎഫ് സർക്കാർ തന്നെ നിയോഗിച്ച സെർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി, ഉദ്യോഗസ്ഥൻ എടുത്ത ഈ തീരുമാനം കെസിഎച്ച്ആറിനെ കാവിവത്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. ​ജനാധിപത്യവിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിച്ച് സെർച്ച് കമ്മിറ്റി അംഗങ്ങളായ പ്രഫ. സനൽ മോഹനും ഡോ. വി.ജെ. വർഗീസും സർക്കാരിന് വിയോജനക്കുറിപ്പ് നൽകിക്കഴിഞ്ഞു. ഇതിനുപുറമെ, വിഖ്യാത ചരിത്രകാരന്മാരായ പ്രഫ. ജാനകി നായർ, പ്രഫ. ലക്ഷ്മി സുബ്രഹ്മണ്യൻ, പ്രഫ. മനു വി. ദേവദേവൻ എന്നിവർ കെസിഎച്ച്ആർ നിർവാഹക സമിതിയിൽ നിന്ന് രാജിവെച്ചതും സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു.

​കേന്ദ്രത്തിൽ അധികാരത്തിൽ വരുമ്പോഴെല്ലാം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിനെ (ഐസിഎച്ച്ആർ) കാവിവത്കരിക്കാൻ ആർഎസ്എസ് ശ്രമിച്ചിട്ടുണ്ട്. 2015-ൽ എൻഡിഎ സർക്കാർ ഐസിഎച്ച്ആറിന്റെ തലപ്പത്ത് ആർഎസ്എസ് പ്രചാരകരെ കുടിയിരുത്തിയതിന് സമാനമായ അജണ്ടയാണ് ഇപ്പോൾ കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ കാർമികത്വത്തിൽ നടക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പാസാക്കിയപ്പോൾ ഗവർണർക്കൊപ്പം നിന്ന് സർക്കാരിനെതിരെ പ്രവർത്തിച്ച അതേ ഉദ്യോഗസ്ഥനാണ് ഇപ്പോൾ കെസിഎച്ച്ആറിലും ആർഎസ്എസ്‌ അജണ്ട നടപ്പിലാക്കുന്നത്. ഇതിന് പിന്നിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വ്യക്തിപരമായ താല്പര്യങ്ങളുണ്ടെന്ന വാർത്തകളും ദുരൂഹത വർധിപ്പിക്കുന്നു.

യോഗ്യതയില്ലാത്ത വ്യക്തിയെ ചരിത്ര ഗവേഷണ കൗൺസിൽ തലപ്പത്തു കുടിയിരുത്തിയ സർക്കാർ തീരുമാനം അടിയന്തരമായി പുനപരിശോധിക്കണം. ​ യോഗ്യതയില്ലാത്തവരെ വൈസ് ചാൻസലർമാരായും സ്ഥാപന തലവൻമാരായും നിയമിക്കുന്നവരാണ് കേരള പി.എസ്.സി.യെ അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത്. ഈ ഇരട്ടത്താപ്പും രാഷ്ട്രീയകേരളം ചർച്ച ചെയ്യണം. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെയും ചരിത്രഗവേഷണ സ്ഥാപനങ്ങളെയും മതനിരപേക്ഷ വിരുദ്ധ ചേരിക്ക് തീറെഴുതുന്ന ഈ അപകടകരമായ നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബി. അശോകിനെതിരെ സെർച്ച് കമ്മിറ്റി

നിയമനം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ഇടപെട്ട് അട്ടിമറിച്ചെന്ന് സെർച്ച് കമ്മിറ്റി അംഗത്തിന്‍റെ കത്ത്. ചെയർമാൻ സ്ഥാനത്തേക്ക് സെർച്ച് കമ്മിറ്റി പരിഗണിക്കാത്ത കോളജ് അധ്യാപകൻ ഡോ. വിനോദ്കുമാർ കല്ലോലിക്കലിനെ നിയമിച്ച നടപടിയിൽ ശക്തമായ വിയോജനം രേഖപ്പെടുത്തി പ്രമുഖ ചരിത്രകാരനും സെർച്ച് കമ്മിറ്റി അംഗവുമായ പ്രഫ. സനൽ മോഹനാണ് കത്ത് നൽകിയത്.

കമ്മിറ്റി കൺവീനറായി നിയമിച്ച കെ.സി.എച്ച്.ആർ ഡയറക്ടറുടെ ചുമതലയുള്ള കോളജ് വിദ്യാഭ്യാസ ഡയറക്ടറെ മറികടന്ന്, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് നിയമനത്തിൽ ഇടപെട്ടതായി പ്രഫ. സനൽ മോഹൻ കത്തിൽ പറയുന്നു. ഡോ. വിനോദ്കുമാറിന്‍റെ പേര് കമ്മിറ്റി ഒരിക്കലും ചർച്ച ചെയ്തില്ലെന്നും എന്നാൽ, നിയമനം നൽകിയത് ഇദ്ദേഹത്തിനാണെന്നുമാണ് ആരോപണം.

സെർച്ച് കമ്മിറ്റി അംഗം മാത്രമായ ബി. അശോക് ഏകപക്ഷീയമായി യോഗം കൈകാര്യം ചെയ്യുകയും കൺവീനർക്ക് നിർദേശം നൽകുകയുമായിരുന്നു. ഒക്ടോബർ 24ന് നടന്ന യോഗ മിനിറ്റ്സിൽ കമ്മിറ്റി കൺവീനറെ മറികടന്ന് ബി. അശോക് ഒപ്പുവെച്ചതായും കത്തിൽ പറയുന്നു. ചെയർമാൻ നിയമനത്തിൽ സർക്കാറിന് അന്തിമ ശിപാർശ സമർപ്പിക്കുംമുമ്പ് ഒരു യോഗം കൂടി വിളിക്കാൻ കൺവീനർക്ക് ഇ-മെയിൽ അയച്ചെങ്കിലും മറുപടിയുണ്ടായില്ല. രണ്ടാമത്തെ യോഗശേഷം തയാറാക്കിയ പട്ടിക അംഗീകാരത്തിന് കമ്മിറ്റിക്ക് അയച്ചില്ല. ഏകപക്ഷീയവും ധാർഷ്ട്യം നിറഞ്ഞതുമായ നിയമന രീതിയാണുണ്ടായതെന്ന് സെർച്ച് കമ്മിറ്റി അംഗങ്ങൾക്ക് അയച്ച കത്തിൽ സനൽ മോഹൻ പറഞ്ഞു. നേരത്തെ കെ.സി.എച്ച്.ആർ ഡയറക്ടറായിരുന്ന സനൽ മോഹൻ എം.ജി സർവകലാശാലയിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് പ്രഫസറും ഡീനുമായിരുന്നു. പെൻസിൽവാനിയ സർവകലാശാല, മാക്സ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ലോക പ്രശസ്ത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പുതിയ ചെയര്‍പേഴ്സൻ മഹാരാജാസ് കോളജ് പ്രഫ. വിനോദ് കുമാര്‍

എറണാകുളം മഹാരാജാസ് കോളജ് ചരിത്രവിഭാഗം പ്രഫസറാണ് കേരള ചരിത്ര ഗവേഷണ കൗണ്‍സിൽ ചെയര്‍പേഴ്സനായി പ്രഫ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ ചുമതലയേറ്റു. അദ്ദേഹത്തിന് അധ്യാപനത്തിലും ചരിത്രഗവേഷണത്തിലും ദീർഘനാൾ പ്രവര്‍ത്തനപരിചയമുണ്ട്. അലിഗഢ് മുസ്‍ലിം സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ പി.എച്ച്.ഡി നേടിയ വിനോദ്കുമാർ ബംഗളൂരുവിലെ ട്രാന്‍സ്-ഡിസിപ്ലിനറി സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടി.