കാരിക്കിനെ പുറത്താക്കി യുണൈറ്റഡ്; പുതിയ പരിശീലകനായി പൊച്ചെറ്റിനോ?

മാഞ്ചസ്റ്റർ: പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. സീസണിൽ കാരിക്കിന് കീഴിൽ മാഞ്ചസ്റ്റർ മോശം ഫോം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കൽ. ടീമിന് അവസാന എട്ട് മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചിരുന്നില്ല.
തരം താഴ്ത്തൽ ഭീഷണി നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിലവിൽ ടീം 18-ാം സ്ഥാനത്താണ്. 40 വർഷത്തിനിടയിലെ ഏറ്റവും മോശം സീസൺ തുടക്കത്തിലൂടെയാണ് ടീം കടന്നുപോകുന്നത്. ലീഗിലെ അവസാന 10 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് നേടാൻ സാധിച്ചത് വെറും 8 പോയിന്റ് മാത്രമാണ്. ഓഗസ്റ്റിൽ ഇപ്സ്വിച്ചിനെതിരെ മാത്രമാണ് അവർ ജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ലീഗിൽ ആസ്റ്റൺ വില്ലയോട് പിന്നിൽ നിന്നതിന് ശേഷം ടീം തിരിച്ചുവന്ന് സമനില പിടിച്ചിരുന്നു. എന്നാൽ, അതൊന്നും കാരിക്കിന് തന്റെ സ്ഥാനം നിലനിർത്താൻ സഹായകമായില്ല.
ഈ വർഷം ജനുവരി മാസത്തിലാണ് കാരിക്ക് യുണൈറ്റഡിന്റെ പരിശീലക പദവി ഏറ്റെടുത്തത്. റൂബൻ അമോറിമിനെ നീക്കിയതിന് പിന്നാലെ അദ്ദേഹം ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതലയേൽക്കുകയായിരുന്നു. മികച്ച പ്രകടനങ്ങൾ നടത്തിയതോടെ ക്ലബ്ബ് ഈ സീസണിൽ അദ്ദേഹത്തെ മുഖ്യ പരിശീലകനായി നിയമിക്കുകയായിരുന്നു. 2028 വരെയായിരുന്നു ഇംഗ്ലീഷ് പരിശീലകന്റെ കരാർ.
അതേസമയം, കാരിക്ക് പുറത്താകുന്നതോടെ അർജന്റൈൻ പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോ യുണൈറ്റഡിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹവുമായി യുണൈറ്റഡ് അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പരിശീലക പദവി ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവിൽ പൊച്ചെറ്റിനോ യു.എസ് ദേശിയ ടീമിന്റെ പരിശീലകനാണ്.
പൊച്ചെറ്റിനോ മുമ്പ് പ്രീമിയര്‍ ലീഗില്‍ സൗത്താംപ്ടണ്‍, ടോട്ടനം, ചെല്‍സി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. നേരത്തെയും യുണൈറ്റഡ് പരിശീലകനാവാൻ അർജന്റൈൻ കോച്ചിനെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹം ഈ ഓഫർ നിരസിക്കുകായയിരുന്നു. ഹോസെ മൊറീഞ്ഞോ, എറിക് ടെന്‍ ഹാഗ്, റൂബന്‍ അമോറിം എന്നിവരെ പുറത്താക്കിയ ഘട്ടങ്ങളിലായിരുന്നു.
