കരിപ്പൂർ വിമാന ദുരന്തം: നഷ്ടപരിഹാര കേസിൽ വിശദമായ വാദം കേൾക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരും പരിക്കേറ്റവരും മോൺട്രിയൽ കൺവെൻഷൻ പ്രകാരമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വിശദമായ വാദം കേൾക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു. ഇന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് കോട്ടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അന്താരാഷ്ട്ര നിയമപ്രകാരം അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള നിയമപോരാട്ടത്തിൽ ഈ കേസ് നിർണായകമാണ്. ഹരജിക്കാർക്കുവേണ്ടി സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരായ കൃഷ്ണൻ വേണുഗോപാൽ, അഡ്വ. ചിദബരേഷ്, അഡ്വ. കോടത്ത് ശ്രീധരൻ, അഡ്വ. മുഹമ്മദ് ആരിഫ് കെ പി,അഡ്വ. രഘുനാഥ്, അഡ്വ. അബ്ദുൽ ജലീൽ യു കെ . എന്നിവർ ഹാജരായി.
2020 ആഗസ്റ്റ് 7നാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ടത്. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ഈ ദുരന്തത്തിൽ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളും മോശം കാലാവസ്ഥയും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പിന്നീട് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയത്.
