കരാറുകാരനെതിരെ പരാതിയുമായി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത്; ഭർത്താവിനെ കൂട്ടി സ്റ്റേഷനിലെത്തണമെന്ന് പൊലീസ്

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് വീടുപണിയുമായി ബന്ധപ്പെട്ട് കരാറുകാരനെതിരെ നൽകിയ പരാതിയിൽ ഭർത്താവിനെ കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്താൻ തിരുവനന്തപുരം മ്യൂസിയം പൊലീസ്. ആളെ തിരിച്ചറിഞ്ഞപ്പോൾ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ മ്യൂസിയം എസ്എച്ച്ഒയോട് സിറ്റി പൊലീസ് കമീഷണർ നിർദേശിച്ചു. എന്നാൽ, അതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു എലിസബത്ത്.
വീട്ടിലെ അറ്റകുറ്റപ്പണിക്കായി ഏർപ്പാടാക്കിയ കരാറുകാരൻ മുൻകൂർ പണം വാങ്ങിയ ശേഷം പണി പൂർത്തിയാക്കിയില്ലെന്ന് ഇ മെയിൽ വഴിയാണ് എലിസബത്ത് പരാതി നൽകിയിരുന്നത്. വിളിച്ചാൽ ഫോൺ പോലും എടുക്കാതിരുന്നതോടെയാണ് പൊലീസിന്റെ സഹായം തേടിയത്. ‘വൈഫ് ഓഫ് എ.കെ. ആന്റണി’ എന്നാണ് പേരിനൊപ്പം വച്ചിരുന്നത്. പരാതി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ അവശ്യപ്പെടുകയായിരുന്നു.
എന്നാൽ, മുൻമുഖ്യമന്ത്രിയുടെ ഭാര്യയാണ് പരാതിക്കാരിയെന്ന് പിന്നീടാണു പൊലീസ് മനസ്സിലാക്കിയത്. ഒടുവിൽ പൊലീസ് ഇടപെട്ട് കരാറുകാരനെ വിളിച്ചുവരുത്തി. ഉടൻ പണി പൂർത്തിയാക്കണമെന്ന് പൊലീസ് നിർദേശം നൽകി.
