‘മുഹമ്മദ് ഷമിയും സർഫറാസും ഇവിടെയുണ്ട്’; ഇന്ത്യൻ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് വീണ്ടും ഇംറാൻ മസൂദ് എം.പി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള താരങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകണമെന്നും മതമോ പശ്ചാത്തലമോ പരിഗണിക്കരുതെന്നും കോൺഗ്രസ് എം.പി ഇംറാൻ മസൂദ്. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ പേസർ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്താത്തത് മതത്തിന്റെ പേരിലാണെന്ന പരാമർശത്തിനു പിന്നാലെയാണ് മസൂദിന്റെ വിശദീകരണം.
സിറാജിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ഷമിയുടെയും സർഫറാസിന്റെയും പേരുകൾ കൂടി ഉന്നയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ കോൺഗ്രസ് എംപി ചോദ്യം ചെയ്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുമ്പോഴും ഏറെ നാളായി ടീമിനു പുറത്തായിരുന്ന ഷമി, ഈ മാസം ആദ്യമാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ‘മുഹമ്മദ് ഷമിയുണ്ട്, സർഫറാസ് ഖാനുണ്ട്, അങ്ങനെ നിരവധി താരങ്ങളുണ്ട്. ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകണം. ഒരാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിൽ അയാൾ എവിടെനിന്ന് വരുന്നു എന്നത് പ്രശ്നമാകരുത്’ -മസൂദ് വാർത്ത ഏജൻസി എ.എൻ.ഐയോട് പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ 11 മത്സരങ്ങളിൽനിന്ന് 43 വിക്കറ്റുകൾ നേടിയ സിറാജാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ. ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നിവരെയാണ് ഇന്ത്യ പേസർമാരായി തെരഞ്ഞെടുത്തത്. വാഷിങ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തി.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് അവിസ്മരണീയമായ ആറു റൺസ് വിജയം സമ്മാനിക്കുന്നതിൽ സിറാജ് നിർണായക പങ്കുവഹിച്ചിരുന്നു.
അതിനുശേഷം ഏഷ്യൻ സാഹചര്യങ്ങളിൽ കളിച്ച ഏഴ് ടെസ്റ്റുകളിൽനിന്ന് 21 വിക്കറ്റുകളാണ് സിറാജ് നേടിയത്. 21.28 ആയിരുന്നു ബൗളിങ് ശരാശരി. ഒരു മത്സരത്തിൽ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. എന്നാൽ, ശ്രീലങ്കൻ പര്യടനത്തിൽ സിറാജിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. രണ്ട് ടെസ്റ്റുകളിലായി നാല് വിക്കറ്റുകൾ മാത്രമാണ് നേടിയത്. നാല് ഇന്നിങ്സുകളിലും ഓരോ വിക്കറ്റ് വീതമായിരുന്നു സമ്പാദ്യം. 2025 മാർച്ച് ഒമ്പതിന് ന്യൂസിലൻഡിനെതിരെ നടന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരം കളിച്ചത്.
സർഫറാസ് ഖാൻ അവസാനമായി ഇന്ത്യക്കായി കളിച്ചത് 2024 നവംബർ ഒന്നു മുതൽ മൂന്നു വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലാണ്. അതേസമയം, കായികരംഗത്തേക്ക് അനാവശ്യമായി രാഷ്ട്രീയം വലിച്ചിഴക്കുകയാണെന്ന് ആരോപിച്ച് മസൂദിനെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു. ‘മതത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ ആരോടും വിവേചനം കാണിക്കുകയോ ആരെയും അവഗണിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ രാജ്യത്ത് കഴിവിന്റെ അടിസ്ഥാനത്തിലാണ് അവസരങ്ങൾ നൽകുന്നത്’ -കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചു. മസൂദിന്റെ പരാമർശത്തോട് കോൺഗ്രസിലെ ചില നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ, തന്റെ പരാമർശം കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഇംറാൻ മസൂദ് വ്യക്തമാക്കി.
