ഡോ.വന്ദനാദാസ് കൊലപാതകം; വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന ദാസിന്റെ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ചോദിച്ചു. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നും സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.

2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപ് പ്രകോപിതനായി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം നെടുമ്പന യുപിഎസിലെ അധ്യാപകനായിരുന്ന സന്ദീപിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി.

വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കൊല്ലം റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡിഐജി, ആർ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു. വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബേബി മോഹൻ, ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവ‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *