ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ അഞ്ചാം ജയം; ബെംഗളൂരുവിനെ 3-2ന് വീഴ്ത്തി
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അമ്പതാം മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.
ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിക്കുന്നത്. മാര്‍ക്കോ ലെസ്കോവിച്ച്, ദിമിത്രിയോസ് ഡയമന്റക്കോസ്, അപ്പോസ്തൊലോസ് ജിയാനു എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ബെംഗളൂരുവിനായി സുനില്‍ ഛേത്രി, ജാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവരും സ്കോര്‍ ചെയ്തു.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര സന്ദേഷ് ജിങ്കാൻ നയിച്ച ബെംഗളൂരു പ്രതിരോധ നിരയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി.
പതിനാലാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്. പതിനൊന്ന് മിനിറ്റുകൾക്ക് ശേഷം മാർക്കോ ലെസ്കോവിച്ച് ആതിഥേയർക്കായി സമനില ഗോള്‍ നേടി. നാല്പത്തി മൂന്നാം മിനിറ്റിൽ ദിമിത്രിയോസ് ഡയമെൻ്റകോസ് ലീഡ് നില ഉയർത്തി.
വൺ ടച്ച് പാസ്സുകളിലൂടെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് എഴുപതാം മിനിറ്റിൽ വീണ്ടും ബെംഗളൂരുവിൻ്റെ വല കുലുക്കി. ഇവാൻ കല്യൂഷ്നിക്ക് പകരക്കാരനായിറങ്ങിയ അപ്പോസ്തലസ് ജിയാനുവിൻ്റെ വകയായിരുന്നു ഗോൾ.
പ്രതിരോധ താരം ഹോർ മിപാം ബോൾ ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവിൽ നിന്ന് ഹാവി ഫെർണാണ്ടസ് ഗോൾ നേടിയതോടെ ബെംഗളൂരുവിൻ്റെ പരാജയ ഭാരം കുറഞ്ഞു. തുടർച്ചയായ അഞ്ചാം ജയത്തോടെ ബ്ളാസ്റ്റേഴ്സ് ഐ എസ് എൽ പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി.