ജിന്ന് ബാധിച്ചെന്ന് പറഞ്ഞ് യുവതിയെ കെട്ടിയിട്ട് മർദിച്ച് കത്തി കൊണ്ട് മുറിവേൽപ്പിച്ചു; ഭർത്താവും ബന്ധുക്കളും ആലപ്പുഴയിൽ അറസ്റ്റിൽ

ആലപ്പുഴ: കായംകുളം കറ്റാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിയായ യുവതിക്ക് ക്രൂരമര്‍ദനം. 25 വയസ്സുകാരിയെയാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുര്‍മന്ത്രവാദിയായ കുളത്തൂപ്പുഴ സ്വദേശി സുലൈമാന്‍, ഇയാളുടെ സഹായികളായ അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.

ഭരണിക്കാവ് സ്വദേശിയായ അനീഷുമായി യുവതിയുടെ രണ്ടാംവിവാഹമായിരുന്നു. കഴിഞ്ഞ മൂന്നുമാസമായി ഭര്‍ത്താവും ഇയാളുടെ ബന്ധുക്കളും ദുര്‍മന്ത്രവാദത്തിനിരയാക്കി ഉപദ്രവിക്കുകയാണെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞദിവസമാണ് ഐ ടി ജീവനക്കാരിയായ യുവതി ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ആറുപേരെയും പൊലീസ് പിടികൂടി.

ഭര്‍ത്താവ് കടുത്ത അന്ധവിശ്വാസത്തിന് അടിമപ്പെട്ടയാളാണെന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് ശേഷം ദിവസവും ഭാര്യയുടെ അടുത്തെത്തി ചെവിയില്‍ ചില മന്ത്രങ്ങള്‍ ചൊല്ലുന്നത് പതിവായിരുന്നു. ഇതിനെ എതിര്‍ത്തതോടെ ഭാര്യയുടെ ശരീരത്തില്‍ ജിന്ന് ബാധിച്ചെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് കുളത്തൂപ്പുഴ സ്വദേശിയായ സുലൈമാനെ ദുര്‍മന്ത്രവാദത്തിനായി വീട്ടിലെത്തിച്ചത്.

ജിന്നിനെ ഒഴിപ്പിക്കാനായി അടച്ചിട്ട മുറിയിലാണ് പൂജ നടത്തിയത്. ഇതിന് വഴങ്ങാതിരുന്നതോടെ കയര്‍ കൊണ്ടുംമറ്റും ക്രൂരമായി മര്‍ദിച്ചു. പിന്നീട് വാള്‍ ഉപയോഗിച്ചും കത്തി ഉപയോഗിച്ചും ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഏകദേശം മൂന്നുമാസത്തോളം ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ മര്‍ദനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *