ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അഞ്ച് ജീവനക്കാർക്കെതിരെ കേസ്
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കേസെടുത്തു. സാക്ഷിയെ ഭീഷണിപ്പെടുത്തൽ, സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ ചുമത്തി അഞ്ച് ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്. ഒരു നഴ്സിങ് അസിസ്റ്റന്റ്, രണ്ട് ഗ്രേഡ് 2 ഹോസ്പിറ്റൽ അറ്റന്റഡ്, മൂന്ന് ഗ്രേഡ് -1 ഹോസ്പിറ്റൽ അറ്റന്റഡ് എന്നിവരാണ് പ്രതികൾ.
അസി. കമീഷണർ കെ. സുദർശൻ ആശുപത്രി വാർഡിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരെ തിരിച്ചറിയുകയും കേസെടുക്കുകയുമാണ് ചെയ്തത്. അതേസമയം, കുറ്റക്കാരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
അതേസമയം, മെഡിക്കൽ കോളജിൽ ലൈംഗികാതിക്രമത്തിനിരയായ യുവതിയുടെ മൊഴി തിരുത്തിക്കാൻ സമ്മർദം ചൊലുത്തിയ നാലു പേരെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഒരു നഴ്സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റന്റഡ് ഗ്രേഡ് -1, അറ്റന്റഡ് ഗ്രേഡ് 2, ഡെയിലി വേയ്ജസ് സ്റ്റാഫ് എന്നിവരെയാണ് ജോലിയിൽ നിന്ന് മാറ്റി നിർത്തുന്നത്.
മാറ്റിനിർത്തപ്പെട്ട ജീവനക്കാർ യുവതിയുടെ സമീപത്ത് വരികയും അവരോട് കള്ളം പറയുകയാണെന്ന് പറഞ്ഞുവെന്നും മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഇവർ മാനസിക വിഷമം ഉണ്ടാക്കുന്ന തരത്തിൽ യുവതിയോട് സംസാരിക്കുകയും നഷ്ടപരിഹാരം വാങ്ങി തരാമെന്ന് ആവർത്തിച്ച് പറയുകയുമുണ്ടായി. കൂടാതെ, ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ മുമ്പാകെ നൽകിയ മൊഴി മാറ്റി പറയാനും യുവതിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ സൂപ്രണ്ടന്‍റ് ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാരെ പുറത്താക്കണമെന്നും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രിൻസിപ്പലിന്റെ ഓഫിസ് ഇന്ന് ഉപരോധിച്ചിരുന്നു. പ്രിൻസിപ്പൽ അവധിയായതിനാൽ വൈസ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാറിനെയാണ് യൂത്ത് കോൺഗ്രസ് ഘരാവോ ചെയ്യുന്നത്.
Also Read: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് പീഡനം; പരാതി ജീവനക്കാരനെതിരെ
Also Read: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡനം: യുവതിക്ക് നീതി ഉറപ്പാക്കും -അഡ്വ. പി.സതീദേവി