കുനിയിൽ ഫർണിച്ചർ ഷെഡിന് തീപ്പിടിച്ചു
കുനിയിൽ : ഫർണിച്ചർ നിർമാണ ഷെഡിന് തീപ്പിടിച്ച് മര ഉരുപ്പടികൾ കത്തി നശിച്ചു. ഞായറാഴ്ച്ച പുലർച്ചെ നാല് മണിയോടെ കുനിയിൽ സെൻട്രൽ ബസാറിലാണ് സംഭവം. തയ്യിൽ പട്ടാക്കൽ സാലിസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഗോവിന്ദപുരത്ത് രവീന്ദ്രൻ എന്നയാൾ നടത്തുന്ന ഫർണീച്ചർ നിർമാണ ഷെഡിനാണ് തീപ്പിടിച്ചത്. കെട്ടിടത്തിൽ നിന്ന് തീയും പുക ഉയരുന്നത് കണ്ട അതു വഴി പോയ യാത്രക്കാരനാണ് സമീപ വീട്ടുകാരെ വിവരമറിയിക്കുന്നത്. ഓടിയെത്തിയ അയൽവാസികൾ തീകെടുത്താൻ ശ്രമമാരംഭിക്കുകയും മുക്കം അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയും ചെയ്തു. സമീപവാസികൾ വെള്ളമൊഴിച്ചു തീ പടരുന്നത് നിയന്ത്രവിധേയമാക്കി. തുടർന്ന് സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ മുക്കം അഗ്നി രക്ഷാ സേന തീ പൂർണമായും അണച്ചു. ഫർണിച്ചർ നിർമ്മാണ ഷെഡിന് പുറത്തുണ്ടായിരുന്ന മെഷീനും മര ഉരുപ്പടികളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണമെന്നാണ് അനുമാനം. കെട്ടിടത്തിനുള്ളിലേക്ക് തീപടരുന്നത് തടയാൻ സാധിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായില്ല. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി അബ്ദുൽ ഷുക്കൂർ, സേനാംഗങ്ങളായ എൻ രാജേഷ്, പി ടി അനീഷ്, പി ടി ശ്രീജേഷ്, എൻ ടി അനീഷ്, ജി ആർ അജേഷ്, കെ പി നിജാസ്, വി എം മിഥുൻ, എം പി രത്നരാജൻ തുടങ്ങിയവരാണ് അഗ്നിരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്.