ബോളിവുഡിലേക്ക് ഒരു എത്തിനോട്ടം
കാല പ്രവാഹത്തിൽ, ജീവിതത്തിലെ സംഭവ പരമ്പരകൾ ക്രമാനുഗതമായി രേഖപ്പെടുത്തുമ്പോൾ, ആ ഏകദിശാ പ്രയാണത്തിൽ ചിലപ്പോൾ ചില വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. ഓർമ്മകൾ നേർരേഖയിൽ മാത്രം സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന ഈ ചെറിയ പാർശ്വവ്യതിയാനങ്ങൾ, വർഷങ്ങൾക്ക് ശേഷമുള്ള പുനരാഖ്യാനത്തിൽ ഇടം ലഭിക്കാതെ, വിസ്മൃതിയിൽ ലയിച്ചു പോകുന്നു. എന്നാൽ ചില ക്ഷണിക ബിംബങ്ങൾ നമ്മെ വിട്ടുപോയ കണ്ണികളുമായി ഇണക്കിച്ചേർക്കുകയും ആ മാഞ്ഞുപോയ ഓർമ്മകൾ കൂടുതൽ കൃത്യതയോടെ ദീപ്തമാവുകയും ചെയ്യുന്നു.Bollywood
രണ്ടു മലയാള സിനിമകളുടെ ചിത്രീകരണത്തിനായി എനിക്ക് ബോംബെയിൽ പോകേണ്ടി വന്നിട്ടുണ്ടെങ്കിലും, ബോളിവുഡ് എന്ന് വിളിക്കുന്ന ഹിന്ദി സിനിമയുമായി ബന്ധപ്പെടാനും ചെറിയ തോതിൽ അവിടെ പ്രവർത്തിക്കാനുമുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. എനിക്കുണ്ടായ ബന്ധം ചെറുതെങ്കിലും രേഖപ്പെടുത്തപ്പെടേണ്ടതാണെന്നു തോന്നി. ഈ ആത്മകഥാ കഥനത്തിൽ ഇപ്പോൾ നമ്മൾ എത്തിനിൽക്കുന്നത് വർഷം 1983 ലാണ്. എന്നാൽ ഹിന്ദി സിനിമയുമായുള്ള എന്റെ ഹൃസ്വമായ ചങ്ങാത്തം നടന്നത്, ആർ വർഷം മുമ്പ് 1977 ലാണ്. ഇവിടെ ഞാൻ ആറു വർഷം മുൻപുള്ള ആ ഫ്ലാഷ് ബാക്കിലേക്കു പോവുകയാണ്.
മദിരാശിയിൽ ജോലിക്കിടയിൽ, തൊഴിലില്ലാത്ത ഒരു ഇടവേള വന്നു. അന്ന് എന്റെ സഹോദരി ജയ്പൂരിൽ താമസിക്കുന്നു. അളിയൻ എം.എ സേട്ട്. അവിടെ റിസർവ് ബാങ്കിൽ കറൻസി ഓഫിസർ ആണ്. ഫ്രീ ആണെങ്കിൽ കുറച്ച് ദിവസം തന്നോടൊപ്പം കഴിയാൻ സഹോദരി നാദിറ ക്ഷണിച്ചു. അങ്ങിനെ ഞാൻ ജയ്പൂരിലേക്ക് പോയി. അവിടെ അവരുടെ തൊട്ടടുത്ത അയൽവാസി ആയിരുന്നു വിദ്യയും അവരുടെ ഭർത്താവും. വിദ്യ എന്റെ സഹോദരിയുടെ കൂട്ടുകാരി ആയിരുന്നു. അവരുടെ ഭർത്താവു പ്രസിദ്ധ ഹിന്ദി സിനിമാ സംവിധായകൻ സാവൻ കുമാറ് താകിന്റെ അനിയൻ ആയിരുന്നു. ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകാരനാണെന്നും, ഹിന്ദി സിനിമയിൽ ജോലി ചെയ്യാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞപ്പോൾ, അദ്ദേഹം തന്റെ ജേഷ്ഠനോട് ശുപാർശ ചെയ്യാം എന്ന് പറഞ്ഞു. അതേസമയം, ജയ്പൂരിലെ വിജയ ബാങ്കിന്റെ മാനേജർ ആയിരുന്ന ശിവറാം ഷെട്ടി , ബോംബെയിലേക്ക് സ്ഥലം മാറിപ്പോവുകയായിരുന്നു. അദ്ദേഹം എന്റെ അളിയന്റെ സുഹൃത്തും ആയിരുന്നു. ബോംബെയിൽ മാഹിം ബ്രാഞ്ചിലേക്കാണ് തന്റെ ട്രാൻസ്ഫർ എന്നും, പല സിനിമക്കാരുടെയും അക്കൗണ്ട് ആ ബ്രാഞ്ചിൽ ആണെന്നും, അതിനാൽ സിനിമാക്കാരെ താൻ പരിചയപ്പെടുത്തിത്തരാം എന്ന് അദ്ദേഹവും എറ്റു. അങ്ങിനെ സാവൻ കുമാറിന്റെ അനിയന്റെ (അദ്ദേഹത്തിന്റെ പേര് മറന്നുപോയി) ശിപാർശക്കത്തും ആയി ഞാൻ ബോംബെയിലേക്ക് വണ്ടി കയറി. ചിലവിനു അളിയൻ കുറച്ചു പണവും തന്നിരുന്നു.
വർഷങ്ങൾക്കു മുൻപ് മദിരാശിയിൽ വന്നിറങ്ങിയപ്പോൾ മനസ്സ് നിറയെ സ്വപ്നങ്ങൾ ആയിരുന്നു. ഇപ്പോൾ ബോംബേയിൽ തീവണ്ടി ഇറങ്ങിയപ്പോൾ, അത്ര വലിയ സ്വപ്നങ്ങൾ ഒന്നും കാണാൻ മനസ്സ് ധൈര്യപ്പെട്ടില്ല, കാരണം ഇപ്പോൾ ജീവിതം എന്നെ പലതും പഠിപ്പിച്ചു. തല്ക്കാലം റെയിൽവേ സ്റ്റേഷന് അടുത്ത് ഒരു ചെറിയ ഹോട്ടലിൽ മുറിയെടുത്തു. കുളികഴിഞ്ഞു നേരെ പോയത് വിജയാ ബാങ്കിന്റെ മാഹിം ബ്രാഞ്ചിലേക്ക്. മാനേജർ ശിവറാം ഷെട്ടി തന്റെ ക്യാബിനിൽ തിരക്കിലായിരുന്നു. എന്നെ കണ്ടപ്പോൾ അദ്ദേഹം എന്നെ അകത്തേക്ക് വിളിച്ചു. അദ്ദേഹം തന്റെ സ്റ്റാഫിൽപ്പെട്ട രണ്ടു ചെറുപ്പക്കാരെ വിളിച്ച് എന്നെ പരിചയപ്പെടുത്തി. രണ്ടുപേരും മംഗലാപുരത്തുകാരാണ്. അവർ താമസിക്കുന്ന മുറിയിൽ തൽക്കാലം എനിക്കും കൂടി താമസ സൗകര്യം ഒരുക്കണം എന്ന് പറഞ്ഞു. അവർ എതിർപ്പൊന്നും പറയാതെ സമ്മതിച്ചു. ഷെട്ടി എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. സിനിമാക്കാർ ആരെങ്കിലും വരുമ്പോൾ വിളിക്കാം എന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ ക്യാബിനു പുറത്തിരുന്ന് സിനിമാതാരങ്ങൾ ആരാണ് വരുന്നതെന്ന് നോക്കിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ ശിവറാം ഷെട്ടി എന്നെ അകത്തേക്ക് വിളിച്ചു. അകത്തു കഷണ്ടിത്തലയുള്ള ഒരു മധ്യവയസ്കൻ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹം അയാളെ പരിചയപ്പെടുത്തി
ഗുൽസാർ
‘ഇത് പ്രൊഡ്യൂസർ എസ്.ഐ. ശിവദാസാനി. ഞാൻ നിങ്ങളെക്കുറിച്ചു അദ്ദേഹത്തോട് പറഞ്ഞു കഴിഞ്ഞു.”
അദ്ദേഹം എന്നോട് ഹിന്ദിയിൽ ചോദിച്ചു , “ഹിന്ദി അറിയാമല്ലോ അല്ലെ?”
“നന്നായി അറിയാം സാർ” ഞാൻ ഹിന്ദിയിൽ തന്നെ മറുപടി പറഞ്ഞു.
“ഞങ്ങളുടെ ഒരു പ്രൊഡക്ഷൻ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഗുൽസാർ സാബ് ഡയറക്റ്റ് ചെയ്യുന്ന “കിനാരാ. അതിന്റെ ഷൂട്ടിംഗ് ഇനി കുറച്ചേ ബാക്കിയുള്ളു. നിങ്ങൾ നാളെ ഏതായാലും ഓഫിസിൽ വരൂ” അദ്ദേഹം കാർഡ് തന്നു.
ദാദറിലെ രഞ്ജിത്ത് സ്റ്റുഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ ഓഫിസ്. ആദ്യം ഞാൻ വിജയാ ബാങ്കിലെ സ്റ്റാഫിനോടൊപ്പം അവരുടെ താമസ സ്ഥലത്തേക്ക് പോയി. ദാദറിൽത്തന്നെയുള്ള വളരെ പഴയ കെട്ടിടത്തിൽ ഒരു ഒറ്റമുറിയിലായിരുന്നു, വിജയാ ബാങ്കുകാരായ ചെറുപ്പക്കാരുടെ താമസം. പരിമിതമായ ആ സൗകര്യത്തിനുള്ളിൽ ഞാനും എന്റെ കൂടുകൂട്ടി. പിറ്റേ ദിവസം എസ്.ഐ.ശിവദാസനി എന്ന നിർമ്മാതാവിന്റെ ഓഫിസ് തേടി പോയി. രഞ്ജിത്ത് സ്റ്റുഡിയോയിലെ ഓഫിസിൽ എത്തിയപ്പോൾ അവിടെ മാനേജർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ അദ്ദേഹത്തോട് ഹിന്ദിയിൽ കാര്യം പറഞ്ഞു. ശിവദാസാനി സാർ ഉടനെ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ മലയാളി ആണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. അദ്ദേഹവും മലയാളിയാണ്, പേര് ഗംഗാധരൻ. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത് പ്രശസ്ത സംവിധായകൻ ഗുൽസാർ സംവിധാനം ചെയ്യുന്ന “കിനാരാ” എന്ന സിനിമയാണ്. അതിന്റെ ഭൂരിഭാഗവും മധ്യപ്രദേശിലെ മാൻഡു എന്ന സ്ഥലത്തു പൂർത്തിയായി. ഇനി ബോംബയിൽ കുറച്ചു രംഗങ്ങൾ കൂടിയേ ഷൂട്ട് ചെയ്യാനുള്ളൂ. ജിതേന്ദ്ര, ധർമേന്ദ്ര, ഹേമ മാലിനി, ഡോക്ടർ ശ്രീരാം ലാഗൂ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഗംഗാധരന് എന്നെ അറിയാം എന്ന് പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അദ്ദേഹം വിശദീകരിച്ചു. ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒന്നാം റാങ്കോടെ പാസ്സായപ്പോൾ , കേരളത്തിലെ എല്ലാ പത്രങ്ങളിലും ഫോട്ടോയും വാർത്തയും വന്നിട്ടുണ്ടായിരുന്നു. മറുനാടൻ മലയാളികൾ മലയാള പ്രസിദ്ധീകരണങ്ങൾ മുടങ്ങാതെ വായിക്കുന്നവരാണ്. പിന്നെ എന്റെ പേരിന്റെ പ്രത്യേകത കൊണ്ടും ആ പേര് മറന്നില്ല. ഏതായാലും ഗംഗാധരനുമായി പെട്ടെന്ന് തന്നെ നല്ല സൗഹൃദം സ്ഥാപിച്ചു. അല്പം കഴിഞ്ഞപ്പോൾ നിർമാതാവ് ശിവദാസനി എത്തി. നാളെ ഷൂട്ടിംഗ് ഉണ്ടെന്നും, ലൊക്കേഷനിൽ എത്തിയാൽ ഗുൽസാറിനെ പരിചയപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ നേരത്തെ എത്തിയാൽ ലൊക്കേഷനിലേക്ക് കൊണ്ടുപോകാമെന്ന് ഗംഗാധരൻ പിന്നീട് സ്വകാര്യമായി എന്നോട് പറഞ്ഞു.
കടൽത്തീരത്തുള്ള ഒരു ബംഗ്ലാവിലയിരുന്നു ഷൂട്ടിംഗ്. ശിവദാസനി എന്നെ ഗുൽസാറിന് പരിചയപ്പെടുത്തി. അദ്ദേഹം പേരും ഊരും ചോദിച്ചു, അത്രയേയുള്ളൂ. ജിതേന്ദ്രയും ഡോക്ടർ ശ്രീരാം ലാഗൂവും ബില്ലിയാർഡ്സ് കളിക്കുന്ന രംഗമാണ് അവിടെ ചിത്രീകരിച്ചത്. ലീലാ മിശ്ര എന്ന പ്രായമായ നടിയും ഈ രംഗത്തിൽ ഉണ്ടായിരുന്നു. എനിക്ക് പ്രത്യേകം ജോലി ഒന്നും കല്പിച്ചു തന്നില്ലെങ്കിലും, അറിയാവുന്ന ജോലി ആയതുകൊണ്ട് , ഞാൻ സ്വയം ചില ജോലികൾ ഏറ്റെടുത്തു. രണ്ടു ദിവസത്തെ ഷൂട്ടിങ്ങോടെ ചിത്രം പൂർത്തിയായി. മേഘ്ന മൂവീസിന്റെ ബാനറിൽ ഗുൽസാർ, പ്രാൺലാൽ മെഹ്ത, എസ.ഐ ശിവദാസനി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്തപ്പോൾ സൂപ്പർഹിറ്റ് ആയി. നിരവധി പുരസ്കാരങ്ങളും നേടി.
ജിതേന്ദ്ര
വന്ന ഉടനെ തന്നെ ഇങ്ങനെ ഒരവസര൦ വീണു കിട്ടിയതുകൊണ്ട് ഞാൻ നിർമാതാവ് സാവൻ കുമാറിനെ കാണാൻ പോയില്ല. പക്ഷെ അതിനു മുൻപ് താമസിക്കാൻ കുറേക്കൂടി സൗകര്യമുള്ള ഒരു സ്ഥലം കണ്ടുപിടിക്കണം. അവിടെയും ഗംഗാധരൻ സഹായത്തിനെത്തി. അദ്ദേഹം താമസിക്കുന്നത് മലാഡ് ഈസ്റ്റിലുള്ള ഒരു മലയാളി കോളനിയിലാണ്. അവിടെ ഒരു വീട്ടിൽ റെയിൽവേ ഉദ്യോഗസ്ഥരായ രണ്ടു ചെറുപ്പക്കാരാണ് താമസിക്കുന്നത്. അവരോടൊപ്പം കൂടാം. ബാക്കിയെല്ലാം കുടുംബങ്ങളാണ്. മലാഡ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കിലോമീറ്ററുകളോളം നടക്കണം. അങ്ങോട്ട് റോഡൊന്നുമില്ല. ശൂന്യമായ, വിജനമായ പുറമ്പോക്ക് ഭൂമിയിലൂടെയാണ് നടപ്പ്. ഇത് 1977 ലെ സ്ഥിതിയാണ്. ഇന്നവിടം ജനബാഹുല്യത്താലും, കെട്ടിടങ്ങളുടെയും, ട്രാഫിക്കിന്റെയും ആധിക്യത്താലും വീർപ്പുമുട്ടുന്ന, ത്രസിക്കുന്ന നഗരമാണ്.
ഞാൻ സാവൻ കുമാറിന്റെ ഓഫിസ് തേടിപ്പിടിച്ചു അവിടെയെത്തിയപ്പോൾ അദ്ദേഹം എത്തിയിട്ടുണ്ടായിരുന്നില്ല. പക്ഷെ പൊക്കമുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരനും അദ്ദേഹത്തെ കാണാൻ കാത്തിരിപ്പുണ്ടായിരുന്നു. അവിടെ മറ്റാരും ഇല്ലാതിരുന്നതു കൊണ്ട് ഞാൻ അങ്ങോട്ട് കയറി അദ്ദേഹത്തെ പരിചയപ്പെട്ടു. അഭിനയിക്കാൻ അവസരം ചോദിച്ചു വന്നതായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ അദ്ദേഹം ഗായകനാണ്. പിന്നണി പാടാൻ അവസരം തേടി വന്നതാണ്. സാവൻ കുമാർ നിർമ്മാതാവും സംവിധായകനും, തിരക്കഥാകൃത്തും മാത്രമല്ല, അദ്ദേഹം നല്ലൊരു ഗാനരചയിതാവും കൂടിയാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ പത്നി പ്രസിദ്ധ സംഗീത സംവിധായികയായ ഉഷ ഖന്നയാണ്. അപ്പോൾ ഒരു ഗായകൻ അദ്ദേഹത്തെ കാണാൻ വന്നതിൽ അത്ഭുതമില്ല. അദ്ദേഹം തന്റെ പേര് പറഞ്ഞു ‘അനു മലിക്’. ഇദ്ദേഹമാണ് പിൽക്കാലത്തു് പ്രസിദ്ധ ഗായകനും സംഗീത സംവിധായകനും ആയിത്തീർന്ന അനു മലിക്.
അനുമാലിക്
സാവൻ കുമാർ വന്നപ്പോൾ ഞാൻ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അനിയന്റെ കത്ത് നൽകി. അദ്ദേഹം വളരെ താല്പര്യപൂർവം കത്ത് വായിച്ചു. തന്റെ ‘അബ് ക്യാ ഹോഗാ ?’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണെന്നും, നാളെ ഒരു ദിവസത്തെ ഷൂട്ട് ഉണ്ടെന്നും അതിൽ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ശത്രുഘൻ സിൻഹ, നീതു സിംഗ്, അസ്രാണി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഒരു സസ്പെൻസ് ത്രില്ലെർ ആണിത്.
“നാളെ രാവിലെ ഇവിടെ എത്തിയാൽ ഇവിടന്നു ഒന്നിച്ചു പോകാം” അദ്ദേഹം പറഞ്ഞു.
പിറ്റേദിവസം നേരത്തെ ഞാനവിടെ എത്തി. സാവൻ കുമാറിന്റെ കാറിലാണ് ഞങ്ങൾ ലൊക്കേഷനിലേക്ക് പോയത്. സാവൻ കുമാർ തന്നെയാണ് ഡ്രൈവ് ചെയ്തത്. പിഞ്ചൂ കപൂർ എന്ന പ്രായമായ നടനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ശത്രുഘ്നൻ സിൻഹ, അസ്രാണി, കുറെ ജൂനിയർ ആർട്ടിസ്റ്റുകൾ എന്നിവർ പങ്കെടുക്കുന്ന ഒരു പാർട്ടി സീൻ ആണ് രംഗം. ‘മദ്രാസിയും’ പുതിയ ആളുമാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറ്റു അസ്സിസ്റ്റന്റുമാർ എന്നെ അവഗണിച്ചു. പ്രത്യേകം ഉത്തരവാദിത്വങ്ങൾ ഒന്നും എന്നെ ഏല്പിച്ചില്ലെങ്കിലും, ഞാൻ വളരെ സൂക്ഷ്മമായി ഓരോ ഷോട്ടും നിരീക്ഷിച്ചു കൊണ്ടിരുന്നു. ശത്രുഘ്നൻ സിൻഹയുടെ ഒരു ക്ലോസപ്പ് എടുക്കാൻ പോകുമ്പോൾ, സാവൻ കുമാർ തന്റെ അസ്സിസ്ടന്റുമാരോട് ചോദിച്ചു,
“ശത്രു എവിടെയാണ് നോക്കേണ്ടത് “
അസ്സിസ്റ്റന്റുമാർ മുഖത്തോടുമുഖം നോക്കി. ആർക്കും മറുപടി ഇല്ലായിരുന്നു.
“Left of camera sir’ ഞാൻ പറഞ്ഞു. എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി.
സാവൻ കുമാർ എന്നോട് വിശദീകരണം ചോദിച്ചു –
“ Why ?”
ഞാൻ വിശദീകരിച്ചു.
“Good’’ അദ്ദേഹം പറഞ്ഞു.
ഇവിടെ ഞാൻ ശ്രദ്ധിച്ച മറ്റൊരു പ്രത്യേകത, ഇവിടെ ഉച്ചനീചത്വങ്ങൾ ഇല്ല എന്നതാണ്. നായകനും, സംവിധായകനും, ജൂനിയർ ആർട്ടിസ്റ്റുകളും ഒക്കെ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. മദിരാശിയിൽ നിന്നുത്ഭവിച്ച ദക്ഷിണേന്ത്യൻ സിനിമയിൽ ഉച്ചനീചത്വങ്ങൾ വളരെ പ്രബലമാണ്. ഭക്ഷണം കഴിക്കുമ്പോഴുള്ള വിവേചനങ്ങളെക്കുറിച്ചു ഞാൻ നേരത്തെ എഴുതിയിട്ടുണ്ട്.
ശത്രുഘ്നൻ സിൻഹ
ഇവിടെയും എനിക്ക് ഒരു ദിവസത്തെ ഷൂട്ടിങ്ങേ ഉണ്ടായിരുന്നുള്ളു. അടുത്ത ഷെഡ്യൂൾ ഇനി മാസങ്ങൾക്കു ശേഷമാണ്.
വളരെ മാന്യനും സൗമ്യനും ആയിരുന്നു സാവൻ കുമാർ. അദ്ദേഹം ഇരുപത്തഞ്ചോളം ഹിറ്റ് സിനിമകൾ നിർമ്മിച്ചു, സംവിധാനം ചെയ്തിട്ടുണ്ട്.. അദ്ദേഹം എഴുതിയ പല പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. എടുത്തു പറയേണ്ട ഒരു കാര്യം-
ഹരിഭായ് ജരിവാല എന്ന നടനെ സഞ്ജീവ് കുമാർ എന്ന് പേര് നൽകി, ‘നൗനിഹാൽ ’ എന്ന സിനിമയിലൂടെ അവതരിപ്പിച്ച ക്രെഡിറ്റും സാവൻ കുമാറിന് അവകാശപ്പെട്ടതാണ്.
അങ്ങിനെ ഒരു ചെറിയ ഇടവേളയിൽ രണ്ടു ഹിന്ദി സിനിമകളുടെ ഭാഗമാകാൻ ഭാഗികമായിട്ടെങ്കിലും കഴിഞ്ഞു. മലാഡിലെ എന്റെ സഹമുറിയന്മാരായ രണ്ടു റെയിൽവേ ഉദ്യോഗസ്ഥരുടെ സീനിയർ ഓഫിസർ ആയിരുന്നു ‘പമ്മൻ’ എന്ന മലയാള സാഹിത്യകാരൻ. കേരളത്തിൽ നിന്നും ഒരു സിനിമാക്കാരൻ വന്നിട്ടുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് എന്നെ പരിചയപ്പെടണം എന്നായി. അങ്ങനെ അടുത്ത ദിവസം ഞാൻ അവരോടൊപ്പം റയിൽവെയുടെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് പോയി. പമ്മൻ അദ്ദേഹത്തിന്റെ ‘ഭ്രാന്ത്’എന്ന നോവൽ എനിക്ക് സമ്മാനമായി തന്നു. മലയാളത്തിലെ പ്രശസ്തയായ ഒരു സാഹിത്യകാരിയുടെ ജീവിതത്തെ വ്യംഗ്യമായ് ലൈംഗികതയുടെ അതിപ്രസരത്തോടെ അവതരിപ്പിച്ച നോവൽ ആയിരുന്നു അത്.
പമ്മനെ പരിചയപ്പെട്ടു. . പിന്നെ ഞാൻ റൂമിലേക്ക് മടങ്ങി. കുറച്ചു ദിവസം കൂടി ബോംബെയിൽ തങ്ങിയെങ്കിലും, മറ്റു അവസരങ്ങൾ ഒന്നും കിട്ടിയില്ല, കൈയ്യിലെ പൈസയും തീരാറായി. അങ്ങിനെ ബോളിവുഡിനോട് തല്ക്കാലം വിട പറയാൻ തീരുമാനിച്ചു.
( ബോളിവുഡ്: എന്ന സംജ്ഞ 77 ൽ അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും ) ബോളിവുഡിലേക്ക് ഒരു എത്തിനോട്ടം എന്ന് മാത്രമേ എന്റെ ഹൃസ്വമായ ഹിന്ദി സിനിമ ബന്ധത്തെ വിശേഷിപ്പിക്കാനാവൂ.