കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തിൽ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടർന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി കൈയിൽ ഇട്ടത്.
Also Read: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി
പിഴവ് മനസിലാക്കിയതിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്ന് കുടുംബം പറഞ്ഞു. വാഹനപകടത്തിൽ പരുക്കേറ്റ അജിത്തിനെ ഇന്നലെ 12 മണിക്കാണ് ഓപ്പറേഷൻ നടത്തിയത്. തുടർന്ന് എക്‌സ് റേ പരിശോധിച്ചചതിന് പിന്നാലെ രാത്രി 10 മണിക്ക് അജിത്തിനോട് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നും പിഴവ് സംഭവിച്ചെന്നും ഡോക്ടർ ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ അജിത്തിന്റെ കുടുംബം പരാതി നൽകി.
കൈയിലെ കമ്പി പുറത്തേക്ക് തള്ളി നിൽക്കുകയാണെന്നാണ് ഡോക്ടർ അജിത്തിനോട് പറഞ്ഞത്. അതെന്താ അങ്ങനെയെന്നും നോക്കിയിട്ട് വേണ്ടെ ശസ്ത്രക്രിയ നടത്താൻ എന്നും അജിത്ത് ഡോക്ടറോട് ചോദിച്ചു. കഴിഞ്ഞദിവസം ഒരു കുട്ടിക്ക് അപകടം വരുത്തിയില്ലെയെന്ന് എന്ന് പറഞ്ഞപ്പോൾ അത് നീ നോക്കണ്ട നീ നിന്റെ കാര്യം നോക്കിയാൽ മതിയെന്നും ഡോക്ടർ പറഞ്ഞെന്ന് അജിത്തിന്റെ മാതാവ് പറഞ്ഞു. അജിത്തിന് ഇപ്പോഴും ശസ്ത്രക്രിയ നടത്തിയിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജ് വാർഡിൽ തുടരുകയാണ്. ഇന്ന് ഓപ്പറേഷൻ നടത്താമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് കുടുംബം പറയുന്നു.