ഒരു വ്യക്തിയിൽ നിന്ന് ഒരു ദേശം പിറന്നു

പരപ്പനങ്ങാടി: ഒരു വ്യക്തിയിൽനിന്ന് ഒരു ദേശം പിറന്ന കഥയുടെ കർമ സാക്ഷ്യമാണ് ചെപ്പങ്ങത്തിൽ ഇസ്മായിൽ ഹാജിയുടെത്. പരപ്പനങ്ങാടി നഗരസഭയിലെ പാലത്തിങ്ങലിനും കൊട്ടന്തലക്കുമിടയിലുള്ള പ്രദേശമാണ് ഇന്ന് ഔദ്യോഗിക രേഖകളിലടക്കം ഇടം നേടിയ ‘വാദി റഹ്മ’ എന്ന കൊച്ചു ഗ്രാമം. 35 വർഷം സൗദിയുടെ വിവിധ ദേശങ്ങളിൽ പ്രവാസിയായി ജോലിചെയ്ത ഇസ്മായിൽ ഹാജി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. അന്ന് മനസ്സിൽ മുള പൊട്ടിയ ആശയമാണ് തന്റെ പ്രദേശം ‘കാരുണ്യത്തിന്റെ താഴ്വര’ എന്ന അർത്ഥം വരുന്ന ‘വാദി റഹ്മ’ എന്ന പേരിൽ അറിയപ്പെടണമെന്നത്.
പ്രവാസം മതിയാക്കി പതിറ്റാണ്ട് മുമ്പ് നാട്ടിലെത്തിയ ഇസ്മായിൽ ഹാജി നാടിന് ‘വാദി റഹ്മ’ എന്ന പേരിട്ടു. പ്രദേശത്ത് വാദി റഹ്മ എന്ന പേരിൽ പള്ളി സ്ഥാപിച്ചു. നാടിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് ആക്കം കൂട്ടുന്ന ശ്രമങ്ങൾ ആരംഭിച്ചു. അയൽവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കബീർ ഹാജി മാച്ചിഞ്ചേരിയുടെ സഹായത്തോടെ വാദി റഹ്മ നിസ്കാര പള്ളി വിപുലീകരിച്ച് മസ്ജിദുൽ അബൂബക്കർ സിദ്ദീഖ് എന്ന് നാമകരണം ചെയ്തു. റമദാൻ മാസത്തോടെ പാവങ്ങളെ സഹായിക്കാൻ സഹായ പദ്ധതികൾ നടപ്പാക്കുമെന്ന് ഇസ്മായിൽ ഹാജി പറഞ്ഞു.
