ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; യു.പി സ്വദേശി അറസ്റ്റിൽ
ഡെറാഡൂൺ: ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ നഴ്സിനെ ബലാത്സംഗം ചെയ്തു കൊന്നു. ഉത്തരാഖണ്ഡിലെ ഉദ്ധംസിങ് നഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യു.പി സ്വദേശിനിയായ 33കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. യു.പിയിലെ ബറേലി നിവാസിയായ ധർമേന്ദ്ര കുമാറാണ് അറസ്റ്റിലായത്.raped
ജൂലൈ 30ന് ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി ധർമേന്ദ്ര കുമാർ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്ത ദിവസം, നഴ്‌സ് വീട്ടിൽ വരാത്തതിനെത്തുടർന്ന് സഹോദരി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തവെ ഒരാഴ്ചയ്ക്കു ശേഷം ആഗസ്റ്റ് എട്ടിന്, യു.പിയിലെ രാംപൂർ ജില്ലയിലെ യുവതിയുടെ ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
‘ജൂലൈ 30ന് വീട്ടിലേക്കു പോയ നഴ്സിനെ കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. ഞങ്ങൾ അന്വേഷിച്ചപ്പോൾ നഴ്സ് ഉത്തർപ്രദേശിലെ അവളുടെ ഗ്രാമത്തിലേക്ക് പോയതായി ഞങ്ങൾക്ക് മനസിലായി. ആഗസ്റ്റ് എട്ടിന്, ആ പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെടുത്തതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. അത് കാണാതായ സ്ത്രീയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു’- ഉദ്ധംസിങ് നഗർ സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് പറഞ്ഞു.
അന്വേഷണത്തിൽ യുവതിയുടെ ഫോൺ രാജസ്ഥാനിൽ ഉണ്ടെന്ന് മനസിലായതായി പൊലീസ് പറഞ്ഞു. തുടർന്ന്, ആശുപത്രി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ യുവതിയെ പിന്തുടരുന്നത് കണ്ടു. യുവതി ജോലി ചെയ്തിരുന്ന ആശുപത്രി സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ ഉദ്ധംസിങ് നഗറിൽ ദിവസക്കൂലിക്കാരനായി ജോലി ചെയ്തിരുന്ന ബറേലി നിവാസിയായ ധർമേന്ദ്ര കുമാറാണ് ഇയാളെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു.
സംഭവത്തിനു പിന്നാലെ ഇയാളും കുടുംബവും സ്വദേശത്തുനിന്നും സ്ഥലംവിട്ടിരുന്നു. തുടർന്ന് നഴ്സിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിൽനിന്നാണ് പ്രതി പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
‘പ്രതി മയക്കുമരുന്നിന് അടിമയാണ്. സംഭവദിവസം യുവതി ഒറ്റയ്ക്ക് പോകുന്നത് കണ്ട ഇയാൾ പിന്തുടർന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് തടഞ്ഞുനിർത്തി ആക്രമിച്ചപ്പോൾ പ്രതിരോധിച്ച യുവതിയെ ഇയാൾ കീഴ്പ്പെടുത്തി. തുടർന്ന് ബലാത്സംഗം ചെയ്യുകയും ഷാൾ കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയും ചെയ്തു. ഒടുവിൽ കല്ലുകൊണ്ട് ഇടിച്ച് മുഖത്ത് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. കുറ്റം മറച്ചുവയ്ക്കാൻ മൃതദേഹം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം പണവും മൊബൈൽ ഫോണുമടക്കമുള്ള സാധനങ്ങളുമായി ഇയാൾ കടന്നുകളയുകയായിരുന്നു’- എസ്.എസ്.പി വ്യക്തമാക്കി.
മോഷ്ടിച്ച മൊബൈൽ ഫോൺ ധർമേന്ദ്രയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവസമയത്ത് ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും മൊബൈൽ ഫോണും സിം കാർഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മുമ്പ് ആയുധ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ധർമേന്ദ്രയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു.