തോല്‍വി അംഗീകരിക്കുന്നു, എന്നാല്‍ കപ്പല്‍ അങ്ങനെ മുങ്ങില്ലെന്ന് കണക്കുകള്‍ പറയുന്നുണ്ട്, അടിത്തറ ഭദ്രം: എം വി ഗോവിന്ദന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ഈ കപ്പല്‍ അങ്ങനെ മുങ്ങില്ലെന്നും കണക്കുകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ കപ്പല്‍ മുങ്ങുകയാണെന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ പ്രചാരവേലയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ എ പത്മകുമാറിനെതിരെ സിപിഐഎം ഉടന്‍ നടപടിയെടുക്കില്ലെന്നാണ് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരിക്കുന്നത്. പത്മകുമാറിനെതിരെ കുറ്റപത്രം വരുമ്പോള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ നടപടിയെക്കുറിച്ച് ആലോചിക്കൂ. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ വിഷയമായോ എന്ന് വിശദമായി പരിശോധിക്കും. ശബരിമല വിഷയം മറ്റ് പാര്‍ട്ടികള്‍ക്ക് നേട്ടമായിരുന്നെങ്കില്‍ ബിജെപിക്ക് ഇതിലും കൂടുതല്‍ സീറ്റുകള്‍ കിട്ടുമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും എന്തുകൊണ്ട് തിരിച്ചടി ഉണ്ടായെന്ന് പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമി കമ്യൂണിസ്റ്റ് വിരുദ്ധ ആശയം ശക്തമായി പ്രചരിപ്പിച്ചു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും യോജിച്ചു. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മര്യാദ കാത്തു സൂക്ഷിക്കും. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി അംഗീകരിച്ചുകൊണ്ട് ഇടതുപക്ഷം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *