ഇന്ത്യൻ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി നടൻ അക്ഷയ് കുമാർ
മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി നടൻ അക്ഷയ് കുമാർ. അടുത്തിടെ ഇന്ത്യൻ പൗരത്വം ലഭിച്ചതിന് ശേഷമുള്ള നടന്റെ ആദ്യ വോട്ടാണിത്. നേരത്തെ കനേഡിയൻ പൗരനായിരുന്നു അക്ഷയ്.Akshay Kumar
മുംബൈയിലെ പോളിങ് സ്റ്റേഷനിൽ എത്തിയാണ് നടൻ വോട്ട് ചെയ്‌തത്. ജുഹുവിലെ ഒരു പോളിങ് ബൂത്തിൽ നിന്നുള്ള താരത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
തിങ്കളാഴ്‌ച രാവിലെ 7 മണിയോടെ ബൂത്തിലെത്തിയ താരം വോട്ട് രേഖപ്പെടുത്താൻ ക്യൂവിൽ കാത്തിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 2023 ഓഗസ്റ്റിൽ ഇന്ത്യൻ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യമായി വോട്ട് ചെയ്തതിൽ അക്ഷയ് കുമാർ തൻ്റെ സന്തോഷം മാധ്യമങ്ങളോട് പങ്കിട്ടു. മുഴുവൻ വോട്ടർമാരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
“എൻ്റെ ഇന്ത്യ വികസിതവും ശക്തവുമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇക്കാര്യം മനസിൽ വച്ചാണ് ഞാൻ വോട്ട് ചെയ്‌തത്. ശരിയെന്ന് കരുതുന്ന കാര്യങ്ങൾക്ക് വോട്ട് ചെയ്യണം. വോട്ടർമാരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്”- അക്ഷയ് കുമാർ പറഞ്ഞു.