നടിയെ ആക്രമിച്ച കേസ്: ഡിസംബർ എട്ടിന് വിധി, ദിലീപിന് നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് കേരളം ഉറ്റുനോക്കിയ വിധി വരുന്നത് ഡിസംബർ എട്ടിന്. കേസ് ഇന്ന് വിചാരണക്കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ഡിസംബർ എട്ടിന് വിധി വരുമെന്ന് അറിയിച്ചത്.കേസില്‍ ഇന്ന് പൾസർ സുനി അടക്കം അഞ്ച് പ്രതികൾ ഹാജരായി. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിന്റെ വിധി വരുന്നത്. 2025 ഏപ്രിിൽ അന്തിമ വാദം പൂർത്തിയായിരുന്നു.
നീണ്ട വർഷങ്ങളെടുത്ത സാക്ഷിവിസ്താരത്തിനും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് കേസ് വിധി പറയാനായി ഒരുങ്ങുന്നത്. കേസിൽ ആകെ 28 സാക്ഷികളാണ് കൂറുമാറിയത്.
ഈ മാസം 20 ന് കേസ് കോടതി പരിഗണിച്ചിരുന്നു. അന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാറും പൊലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ സന്നിഹിതരായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റകൃത്യം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിധി പറയാനൊരുങ്ങുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന് ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്.
2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ കേസെടുത്തതതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ട് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവർ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹരജി തള്ളുകയായിരുന്നു.
മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുകയാണെന്നും ദിലീപ് ആരോപിച്ചിരുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നത്. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകുംവരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കേസിന്റെ നാൾവഴികളിലൂടെ:
ഫെബ്രുവരി 17: തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് ഡബ്ബിങ്ങിന് വന്ന നടിയെ രാത്രി ഒമ്പതോടെ അങ്കമാലി അത്താണിക്കടുത്തുവെച്ച് തട്ടിക്കൊണ്ടുപോകുകയും ഒാടുന്ന വാഹനത്തിൽവെച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. അർധരാത്രിയോടെ പ്രതി ഡ്രൈവർ മാർട്ടിൻ ആൻറണി അറസ്റ്റിൽ.
19: സംഭവത്തിൽ ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർകൂടി പിടിയിൽ. കൊച്ചിയിൽ സിനിമ പ്രവർത്തകരുടെ പ്രതിഷേധ ഐക്യദാർഢ്യ കൂട്ടായ്മ.
20: തമ്മനം സ്വദേശി മണികണ്ഠൻ പിടിയിൽ. ക്വട്ടേഷൻ സാധ്യതയെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിക്കുന്നു.
21: സംവിധായകൻ കൂടിയായ പ്രമുഖ നടെൻറ മൊഴി രേഖപ്പെടുത്തി.
22: ശത്രുക്കൾ കുപ്രചാരണം നടത്തുന്നതായി ദിലീപിെൻറ ആരോപണം. തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അവകാശവാദം. ക്രിമിനൽ, ലഹരി ബന്ധമുള്ളവരെ സിനിമയിൽ സഹകരിപ്പിക്കില്ലെന്ന് സിനിമ സംഘടനകൾ.
23: കോടതിയിൽ കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനിൽ കുമാറിനെയും (പൾസർ സുനി) കൂട്ടാളി വിജീഷിനെയും കോടതി മുറിയിൽനിന്ന് െപാലീസ് അറസ്റ്റ് ചെയ്തു. ബൈക്കിൽ കോടതി പരിസരത്തെത്തിയശേഷം മതിൽ ചാടിക്കടന്നാണ് ഇരുവരും കോടതി മുറിയിൽ പ്രവേശിച്ചത്.
24: ക്വട്ടേഷൻ ഏറ്റെടുത്തത് 50 ലക്ഷം രൂപക്കെന്ന് സുനിയുടെ വെളിപ്പെടുത്തൽ. പ്രതികൾ റിമാൻഡിൽ.
25: സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാൽ, ഗൂഢാലോചന അന്വേഷിക്കണമെന്ന് പൊലീസ് കോടതിയിൽ. നാല് പ്രതികളെയും നടി തിരിച്ചറിഞ്ഞതോടെ സുനിയെയും വിജീഷിനെയും മാർച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയിൽ വിടുന്നു.
26: കേസിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. കോയമ്പത്തൂരിൽനിന്ന് പ്രതികളുടെ മൊബൈൽ ഫോണും കമ്പ്യൂട്ടറും കണ്ടെടുക്കുന്നു.
27: നടി ആക്രമിക്കപ്പെട്ടതിേൻറതെന്ന പേരിൽ കൊച്ചി കേന്ദ്രീകരിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടക്കുെന്നന്ന ആരോപണം പരിശോധിക്കണമെന്ന് ഫെയ്സ്ബുക്കിനോട് സുപ്രീംകോടതി. പൊലീസ് ചോദ്യം ചെയ്യലിൽ ദൃശ്യങ്ങളെക്കുറിച്ച് മറുപടി നൽകാതെ സുനിൽ.
28: മൊബൈൽ ഫോൺ ഉപേക്ഷിച്ചതായി സുനി മൊഴിനൽകിയ ബോൾഗാട്ടി പാലത്തിൽ നാവികസേനയുടെ തിരച്ചിൽ.
മാർച്ച് 3: കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ. നാലുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.
മാർച്ച് 19: സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റിൽ.
ജൂൺ 24: ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം നടക്കുെന്നന്ന് ആരോപിച്ച് ദിലീപും നാദിർഷായും പൊലീസിന് പരാതി നൽകിയെന്ന വിവരം പുറത്ത്. സുനി എഴുതിയതെന്ന് കരുതുന്ന കത്തും അയാളുടേതെന്ന് കരുതുന്ന ഫോൺ സംഭാഷണവും പുറത്തുവരുന്നു.
ജൂൺ 26: നടൻ ദിലീപിനെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു അറസ്റ്റിൽ. ദിലീപിനെ പിന്തുണച്ച് സലിംകുമാറും അജുവര്‍ഗീസും ലാല്‍ജോസും േഫസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സലിംകുമാറിെൻറ വിവാദ പ്രസ്താവന അദ്ദേഹത്തെ മാപ്പ് പറയിക്കുന്നതില്‍ എത്തിച്ചു. നടിയുടെ പേര് പരാമര്‍ശിച്ച അജുവര്‍ഗീസിനും മാപ്പുപറയേണ്ടി വന്നു.
ജൂൺ 27: ദിലീപിെൻറയും നാർദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബിൽ മൊഴിയെടുക്കൽ 13 മണിക്കൂർ നീണ്ടു.
ജൂൺ 29: കൊച്ചിയിൽ താരസംഘടനയായ ‘അമ്മ’ യുടെ വാർഷിക ജനറൽ ബോഡി യോഗം. നടി ആക്രമിക്കപ്പെട്ടത് യോഗം ചർച്ച ചെയ്തില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുമുന്നിൽ പൊട്ടിത്തെറിച്ച് താരങ്ങൾ.
ജൂലൈ 5: ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ സുനിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ജൂലൈ 10: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ.
