2024 മുതൽ നടി ഹുമൈറ അസ്ഗര്‍ വാടക നൽകിയിട്ടില്ല; ഫ്ലാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമസ്ഥനെത്തിയപ്പോൾ കണ്ടത് മൃതദേഹം

owner

കറാച്ചി: കറാച്ചിയിലെ അപ്പാര്‍ട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാക് നടി ഹുമൈറ അസ്ഗര്‍ അലി 2024 മുതൽ വാടക നൽകിയിട്ടില്ലെന്ന് ഫ്ലാറ്റുടമ. ഫ്ലാറ്റ് ഒഴിപ്പിക്കാൻ പൊലീസിനെയും കൂട്ടി ഉടമ എത്തിയപ്പോൾ കണ്ടത് നടിയുടെ അഴുകിത്തുടങ്ങിയ മൃതദേഹമാണ്. ചൊവ്വാഴ്ചയാണ് ഇത്തിഹാദ് കൊമേഴ്‌സ്യൽ ഏരിയയിലെ ആറാം ഫേസിലെ അപ്പാര്‍ട്ട്മെന്‍റിൽ ഹുമൈറയെ മരിച്ച നിലയിൽ കണ്ടെത്തിയത്.owner

ഫ്ലാറ്റിന്‍റെ വാടക മുടങ്ങിയതിനെ തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്‍റ് ഉടമയും പൊലീസും ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.15 ഓടെ അപ്പാര്‍ട്ട്മെന്‍റ് ഒഴിപ്പിക്കാനെത്തി. എന്നാൽ ഫ്ലാറ്റിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയായിരുന്നു. വാതിൽ തകര്‍ത്ത് അകത്തു കയറിയപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എല്ലാ വാതിലുകളും അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ കൊലപാതകമല്ലെന്നാണ് പൊലീസ് നിഗമനം.

ഹുമൈറയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹുമൈറ നേരത്തെ ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്നു, എന്നാൽ 2024 സെപ്തംബർ മുതൽ അവർ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായും അപ്രത്യക്ഷയായതായി നെറ്റിസൺസ് പറയുന്നു.

32കാരിയായ അസ്ഗർ കഴിഞ്ഞ ഏഴ് വർഷമായി അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും നിലവിൽ സ്വാഭാവിക മരണമാകാനുള്ള സാധ്യതയായിട്ടാണ് അധികൃതർ കേസ് കണക്കാക്കുന്നത്. ഔപചാരിക അന്വേഷണം നടന്നുവരികയാണ്, വസ്തുതകൾ വ്യക്തമാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോറൻസിക് ടീം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഡിഐജി റാസ അറിയിച്ചു.

മൃതദേഹം കൂടുതൽ പരിശോധനക്കായി ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയി. മൃതദേഹം അഴുകിയിരുന്നുവെന്നും അതിനാൽ മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ പ്രയാസമായിരിക്കുമെന്നും പോസ്റ്റ്‌മോർട്ടത്തിന് ചുമതലയുള്ള ഡോ. സമ്മയ്യ സയ്യിദ് പറഞ്ഞു.

ബിഗ് ബ്രദർ ഫോർമാറ്റിന്‍റെ പ്രാദേശിക പതിപ്പായ എആർവൈ ഡിജിറ്റലിന്‍റെ റിയാലിറ്റി പരമ്പരയായ ‘തമാഷാ ഘർ’ലൂടെയാണ് ഹുമൈറ അസ്ഗർ പ്രശസ്തയാകുന്നത്. 2015-ൽ പുറത്തിറങ്ങിയ പാകിസ്ഥാൻ ചിത്രമായ ‘ജലൈബീ’യിലും എഹ്സാൻ ഫറാമോഷ്, ഗുരു എന്നിവയുൾപ്പെടെ വിവിധ ടെലിവിഷൻ ഷോകളിലും അഭിനയിച്ചു. 2023-ൽ ദേശീയ വനിതാ നേതൃത്വ അവാർഡ് ലഭിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *