കടക്കെണിയിൽ അദാനി; രക്ഷിക്കാൻ LICയുടെ 32,760 കോടി രൂപ നിക്ഷേപിച്ച് കേന്ദ്രം

ന്യൂഡൽഹി: അമേരിക്കയിൽ കൈക്കൂലി, തട്ടിപ്പ് കേസുകളിൽ കുടുങ്ങി കടക്കെണിയിലായ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയെ രക്ഷിക്കാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ (LIC) നിന്ന് ഏകദേശം 32,760 കോടി രൂപ നിക്ഷേപം നടത്താനുള്ള നരേന്ദ്ര മോദി സർക്കാർ പദ്ധതിയെ കുറിച്ച് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട്. അമേരിക്കയിൽ കേസ് നേരിടുന്ന അദാനി ഗ്രൂപ്പിൻ്റെ കടങ്ങൾ ഈ അടുത്ത കാലത്ത് വർധിക്കുകയും ദീർഘകാലമായി വായ്‌പകൾ നൽകുന്ന പല യുഎസ്, യൂറോപ്യൻ ബാങ്കുകളും അദാനിയെ സഹായിക്കുന്നതിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് മോദി സർക്കാർ നേരിട്ട് സഹായത്തിനെത്തിയത്.

ദരിദ്രർക്കും ഗ്രാമീണ കുടുംബങ്ങൾക്കും ഇൻഷുറൻസ് നൽകേണ്ട സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. മെയ് മാസത്തിൽ എൽഐസിയിൽ നിന്ന് അദാനിയുടെ ബിസിനസുകളിലേക്ക് ഏകദേശം 32,000ലധികം കോടി നിക്ഷേപം നടത്താനുള്ള നിർദേശം ഇന്ത്യൻ ഉദ്യോഗസ്ഥർ തയ്യാറാക്കി നൽകിയതായി ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഷിംഗ്ടൺ പോസ്റ്റ് വെളിപ്പെടുത്തുന്നു. ഇതിൻ്റെ ആദ്യ ഘട്ട നിക്ഷേപങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

അദാനിയുടെ തുറമുഖ അനുബന്ധ സ്ഥാപനത്തിന് ഏകദേശം 4,914 കോടി രൂപ കടം തിരിച്ചടക്കേണ്ട അതേ മാസത്തിലാണ് പദ്ധതി യാഥാർഥ്യമായത്. മാത്രമല്ല, മെയ് 30ന് അദാനി ഗ്രൂപ്പ് മുഴുവൻ ബോണ്ടിനും ധനസഹായം നൽകിയത് ഒരൊറ്റ നിക്ഷേപകനായ എൽഐസി ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് പൊതുജനങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നു എന്ന വിമർശനം ശക്തമായി.

എൽഐസിയുടേയും ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിൻ്റേയും രേഖകളുടേയും ഏജൻസികളിലെ ഇപ്പോഴത്തെയും മുൻപത്തെയും ഉദ്യോഗസ്ഥർ, അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന മൂന്ന് ഇന്ത്യൻ ബാങ്കർമാർ എന്നിവരുമായുള്ള കൂടിക്കാഴചകളിൽ നിന്നുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട്.

രാജ്യത്തെ ശതകോടീശ്വരന്മാരിൽ ഒരാളായ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് നികുതിദായകരുടെ പണം തിരിച്ചുവിടാനുള്ള ഇന്ത്യൻ അധികാരികളുടെ വലിയ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണിതെന്ന് രേഖകളും അഭിമുഖങ്ങളും വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘകാല സഖ്യകക്ഷിയായ അദാനിയുടെ സർക്കാരിനുള്ളിൽ അദാനിയുടെ സ്വാധീനത്തിന്റെയും സർക്കാർ ഉദ്യോഗസ്ഥർ അദാനിയുടെ ബിസിനസ് സാമ്രാജ്യത്തെ രാജ്യത്തിന്റെ സമ്പത്തിന്റെ കേന്ദ്രബിന്ദുവായി എങ്ങനെ കാണുന്നു എന്നതിന്റെയും വ്യക്തമായ ഉദാഹരണമാണിത്.

അതേസമയം, വാഷിംഗ്‌ടൺ പോസ്റ്റിന്റെ റിപ്പോർട്ടിനെ തള്ളി എൽഐസി രംഗത്ത് വന്നു. ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് എൽഐസി പ്രസ്താവനയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയോ പദ്ധതിയോ തയ്യാറാക്കിയിട്ടില്ലെന്നും എൽഐസി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *