തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയെ ഗുളിക കൊടുത്തു മയക്കി; അന്വേഷണം ശക്തമായതോടെ ഉപേക്ഷിച്ചു -എ.ഡി.ജി.പി

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. പ്രതികളെ പൂയപ്പള്ളി ജയിലിലെത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിക്ക് പെൺകുട്ടിയുടെ പിതാവിന് ബന്ധമില്ല.

 

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഒരു വർഷം മുമ്പേ ആസൂത്രണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യപ്രതി പത്മകുമാറിന്റെ ആറുകോടി രൂപയോളം വരുന്ന ആസ്തികൾ പണയത്തിലായിരുന്നു. അടിയന്തരമായി പത്മകുമാറിന് 10 ലക്ഷം രൂപയുടെ ബാധ്യത തീർക്കേണ്ടി വന്നു. അതിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയെടുക്കാൻ പദ്ധതിയിട്ടത്. കുറച്ചുമാസങ്ങളായി ഓയൂരിൽ തട്ടിക്കൊണ്ടുപോകാനുള്ള കുട്ടികൾക്കായുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഓയൂരിലെ പെൺകുട്ടിയെ കണ്ടെത്തുന്നത്.

 

തട്ടിക്കൊണ്ടുപോയ ശേഷം ഓയൂരിലെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ ശേഷം പെൺകുട്ടിയെ ഗുളിക കൊടുത്ത് മയക്കി. അന്വേഷണം ശക്തമായതോടെ കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയാണ് കുട്ടിയെ ആശ്രാമം മൈതാനിയിൽ എത്തിച്ചതെന്നും എ.ഡി.ജി.പി പറഞ്ഞു. തട്ടിക്കൊണ്ടുപോവുക എന്ന ആശയം അനിത കുമാരിയുടെതായിരുന്നു.

 

പ്രതിയുടെ മകൾ അനുപമ ബി.എസ്.സി കമ്പ്യൂട്ടർ സയൻസിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. യൂട്യൂബ് വിഡിയോകളിലൂടെ അനുപമ പ്രതിമാസം അഞ്ചുലക്ഷം രൂപ വരുമാനമുണ്ടാക്കിയിരുന്നുവെന്നും എ.ഡി.ജി.പി സൂചിപ്പിച്ചു.

 

കേസിലെ പ്രതികളെ കണ്ടെത്താൻ പ്രതികളുടെ ഫോണുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇടക്ക് പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് ബുദ്ധിമുട്ടിച്ചു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറിന്റെ നമ്പർപ്ലേറ്റ് അടിക്കടി മാറ്റിയിരുന്നു. പ്രതികളെകുറിച്ച് പൊതുജനങ്ങൾ നൽകിയ വിവരങ്ങളും നിർണായകമായി. ജനങ്ങളിൽ നിന്ന് വിവരം ശേഖരിച്ചാണ് പ്രതികളിലെത്തിയത്. പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിയ കുട്ടിയും സഹോദരനുമാണ് താരങ്ങൾ.-എ.ഡി.ജി.പി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *