രണ്ട് കൊല്ലത്തിന് ശേഷം മെസിയും റൊണാൾഡോയും നാളെ മുഖാമുഖം; കണക്കുകളിലെ വിജയിയാര്?
റിയാദ്: രണ്ട് കൊല്ലത്തിന് ശേഷം അർജൻറീനൻ സൂപ്പർതാരം ലയണൽ മെസിയും പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയുമടങ്ങുന്ന സംഘങ്ങൾ നേർക്കുനേർ പോരിനിറങ്ങുന്നു. മെസി തന്റെ സ്വന്തം ക്ലബായ പാരിസ് സെയ്ൻറ് ജെർമൈന് വേണ്ടി കളിക്കാനിറങ്ങുമ്പോൾ റൊണാൾഡോ തന്റെ ക്ലബായ അൽനസ്‌റിലെയും എതിർടീമായ അൽഹിലാലിലെയും മികച്ച കളിക്കാർക്കൊപ്പമാണ് ഗ്രൗണ്ടിലിറങ്ങുന്നത്. നാളെ സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് മത്സരം.
ഈ സാഹചര്യത്തിൽ ഇരു ഇതിഹാസങ്ങളുമടങ്ങിയ ടീമുകൾ നേരിട്ട് ഏറ്റുമുട്ടിയപ്പോഴുള്ള കണക്കുകൾ പരിശോധിക്കാം. അർജൻറീന, ബാഴ്‌സലോണ, പി.എസ്.ജി ടീമുകൾക്കായാണ് മെസി കളിച്ചിട്ടുള്ളത്. എന്നാൽ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവാൻറസ് ടീമുകൾക്കായാണ് റൊണാൾഡോ കളിച്ചത്. അൽനസ്‌റിനായി ഇപ്പോൾ കളിക്കാനിരിക്കുന്നു. ഇരുതാരങ്ങളും ആകെ 36 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇവയിൽ മെസ്സിപ്പട 16 വിജയം നേടിയപ്പോൾ ക്രിസ്റ്റിയാനോ സംഘം 11 വിജയവും ഒമ്പത് സമനിലയുമാണ് നേടിയത്. 2008 ഏപ്രിൽ 23ന് ചാമ്പ്യൻസ് ലീഗിൽ നടന്ന ബാഴ്‌സലോണ – മാഞ്ചസ്റ്റർ യുനൈറ്റഡ് പോരാട്ടമാണ് ഇരുവർക്കുമിടയിൽ നടന്ന ആദ്യ മത്സരം. 2020 ഡിസംബറിലാണ് ഒടുവിൽ ഇരു ഇതിഹാസങ്ങളും നേർക്കുനേർ ഗ്രൗണ്ടിൽ കണ്ടത്. ഈ മത്സരത്തിൽ മെസിയുടെ ബാഴ്സലോണയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് റൊണാൾഡോയുടെ യുവാൻറസ് തോൽപ്പിച്ചിരുന്നു. പെനാൽറ്റിയിലൂടെ രണ്ട് ഗോളാണ് റൊണാൾഡോ അന്ന് അടിച്ചിരുന്നത്.
റൊണാൾഡോയുടെ സംഘത്തിനെതിരെ മെസിയുടെ പ്രകടനം
- ആകെ ഗോളുകൾ:22
- ആകെ അസിസ്റ്റ്: 12
- ലാ ലിഗയിലെ 18 മത്സരങ്ങളിൽ 12 ഗോളുകൾ, ആറ് അസിസ്റ്റ്.
- ചാമ്പ്യൻസ് ലീഗിലെ ആറു മത്സരങ്ങളിൽ മൂന്നു ഗോളുകൾ, അസിസ്റ്റില്ല.
- കോപ ഡെൽ റേയിലെ അഞ്ചു മത്സരങ്ങളിൽ ഗോളുകളില്ല, മൂന്ന് അസിസ്റ്റ്.
- സ്പാനിഷ് സൂപ്പർ കപ്പിലെ അഞ്ചു മത്സരങ്ങളിൽ ആറു ഗോളുകൾ, രണ്ട് അസിസ്റ്റ്.
- രണ്ട് അന്താരാഷ്ട്രാ മത്സരങ്ങളിൽ ഒരു ഗോൾ, ഒരു അസിസ്റ്റ്.
മെസിപ്പടക്കെതിരെ റൊണാൾഡോയുടെ പ്രകടനം
- ആകെ 21 ഗോളുകൾ, ഒരു അസിസ്റ്റ്.
- ലാ ലിഗയിലെ 18 മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ, ഒരു അസിസ്റ്റ്.
- ചാമ്പ്യൻസ് ലീഗിലെ ആറു മത്സരങ്ങളിൽ രണ്ടു ഗോളുകൾ, അസിസ്റ്റില്ല.
- കോപ ഡെൽ റേയിലെ അഞ്ചു മത്സരങ്ങളിൽ അഞ്ചു ഗോളുകൾ, അസിസ്റ്റില്ല.
- സ്പാനിഷ് സൂപ്പർ കപ്പിലെ അഞ്ചു മത്സരങ്ങളിൽ നാലു ഗോളുകൾ, അസിസ്റ്റില്ല.
- രണ്ട് അന്താരാഷ്ട്രാ മത്സരങ്ങളിൽ ഒരു ഗോൾ, അസിസ്റ്റില്ല.
- ഇതിഹാസ പോരാട്ടം റിയാദിൽ
ജനുവരി 9ന് രാത്രി എട്ടിന് റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. പിഎസ്ജിയുമായുള്ള മത്സരത്തിനുള്ള സൗദി ഇലവനെ പ്രഖ്യാപിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സൗദി ടീമിനെ നയിക്കുക.
അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാൻ പുറത്തുവിട്ടു. മുഹമ്മദ് അൽഉവൈസ്, അമീൻ ബുഖാരി (ഗോൾകീപ്പർമാർ), അബ്ദുല്ല അൽഅംറി, അലി ലഗാമി, സഊദ് അബ്ദുൽ ഹമീദ്, ജാങ് ഹ്യൂൻ സൂ, അബ്ദുല്ല മാദു, സുൽത്താൻ അൽഗനാം, ഖലീഫ അൽദോസരി, അലി അൽബുലൈഹി, ലൂയി ഗുസ്താവോ, അബ്ദുല്ല അൽഖൈബരി, അബ്ദുല്ല അതീഫ്, മുഹമ്മദ് കുനോ, സാലിം അൽദോസരി, സാമി അൽനജ്ഇ, മാത്യൂസ് പെരേര, താലിസ്‌ക, ബെറ്റി മാർട്ടിനെസ്, അന്ദ്രിയ കാരിയോ, മൂസ മരിഗ എന്നിവരാണ് ടീം അംഗങ്ങൾ. അർജന്റീനക്കാരൻ മാർസലോ ഗല്ലാർഡോയാണ് പരിശീലകൻ. വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 10.30നാണ് മത്സരം നടക്കുക.
അൽ നസ്റുമായി കരാർ ഒപ്പു വെച്ച ക്രിസ്റ്റ്യാനോക്ക് ഇതുവരെ ക്ലബ്ബിന് വേണ്ടി ഇറങ്ങാനായിട്ടില്ല. അതിനാൽ സൗദിയിലെ ക്രിസ്റ്റ്യാനോയുടെ പുതിയ വരവിന് ശേഷമുള്ള ആദ്യ മത്സരമെന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്. പിഎസ്ജിക്കായി മെസ്സിയും എംബാപ്പെയും ഉൾപ്പെടെയുള്ള താരങ്ങളെത്തുന്നതിനാൽ മത്സരം മനോഹരമാകും. അറുപതിനായിരം പേർക്കിരിക്കാവുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുപോയിരുന്നു. കുറഞ്ഞ എണ്ണം പ്രവാസികൾക്കാണ് ഇതിനാൽ ടിക്കറ്റ് ലഭിച്ചത്. ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ പ്രിയ താരത്തെ കാണാനുള്ള കാത്തിരിപ്പിലാണ് സൗദി പ്രവാസികൾ.
വൻകിട ടൂറിസം വിനോദ പരിപാടിയായ റിയാദ് സീസൺ സംഘടിപ്പിക്കുന്നതാണ് മത്സരം. ക്രിസ്റ്റ്യാനോയ്ക്കു സ്വന്തം ക്ലബിന്റെ കുപ്പായത്തിൽ കളിക്കാൻ വിലക്കുള്ളതോടെ സംയുക്ത ടീമിനെ ഒരുക്കുകയായിരുന്നു. മുൻ ക്ലബായിരുന്ന മാഞ്ചസ്റ്ററിനു വേണ്ടിയുള്ള കളിക്കിടെ ആരാധകനോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തിൽ താരത്തിനു ലഭിച്ച വിലക്കാണ് തിരിച്ചടിയായത്.
എവർട്ടനോട് തോറ്റ ശേഷം റൂമിലേക്ക് മടങ്ങുമ്പോൾ ഒരു ആരാധകൻ മൊബൈലിൽ വിഡിയോ പിടിക്കുന്നത് ക്രിസ്റ്റ്യാനോ തടയുകയും മൊബൈൽ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് രണ്ട് മത്സരത്തിൽ താരത്തിന് വിലക്കേർപ്പെടുത്തിയത്. ഇതിനിടെ അൽ നസ്റിലെത്തിയെങ്കിലും താരങ്ങളുടെ സ്റ്റാറ്റസ് ആൻഡ് ട്രാൻസ്ഫർ സംബന്ധിച്ച ഫിഫയുടെ നിയമം അനുസരിച്ച്, ക്ലബ് മാറിയാലും പുതിയ അസോസിയേഷൻ വിലക്ക് നടപ്പാക്കണം.