എയിംസ്: കിനാലൂരിൽ സാധ്യത പഠനം നടത്തണമെന്ന് കേന്ദ്രത്തോട് ഹൈകോടതി



കൊച്ചി: എയിംസ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ച കോഴിക്കോട്ടെ സ്ഥലത്തി​​​െന്റ സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാറിനോട് ഹൈകോടതി. കിനാലൂരിലെ സ്ഥലത്തി​െന്റ കാര്യത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവരുമായി ഏകോപനം നടത്തി സാധ്യതാ പഠനം നടത്താനാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​െന്റ ഉത്തരവ്.

കിനാലൂരിലെ സ്ഥലം മാർഗനിർദേങ്ങൾ അനുസരിച്ചിട്ടുള്ളതാണെന്നു സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ 25ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ മറുപടി സത്യവാങ്മൂലം നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. എയിംസ് സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാറിന്റെ മാർഗനിർദേശം പാലിക്കുന്നതാണോ സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്ന സ്ഥലം എന്നത് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഹരജി വീണ്ടും 25ന് പരിഗണിക്കാൻ മാറ്റി. എയിംസിന് പരിഗണിക്കുന്ന സൈറ്റുകളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.