നാല് യു.എ.ഇ-കോഴിക്കോട്​ ​ വിമാന സർവീസുകൾ​ എയർ ഇന്ത്യ നിർത്തുന്നു

ദുബൈ: യു.എ.ഇയിൽ നിന്ന്​ കോഴിക്കോട്ടേക്കുള്ള നാല്​ എയർ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ്​ എയർ ഇന്ത്യ നിർത്തുന്നു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനങ്ങളുടെ ബുക്കിങാണ്​ നിർത്തുന്നത്​. ഈ സർവീസുകൾ പൂർണമായും നിർത്തുന്നതിന്‍റെ ഭാഗമായാണോ ബുക്കിങ്​ അവസാനിപ്പിക്കുന്നതെന്നും സംശയമുണ്ട്​.

മാർച്ച്​ 27 മുതൽ ഈ സർവീസുകളുടെ ബുക്കിങ്​ സ്വീകരിക്കുന്നതല്ലെന്ന്​ ചൂണ്ടിക്കാണിച്ച്​ ട്രാവൽ ഏജന്‍റുമാർക്ക്​ സന്ദേശം ലഭിച്ചു. ദുബൈയിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ ഉച്ചക്ക്​ സർവീസ്​ നടത്തുന്ന എ.ഐ 937, ഷാർജയിൽ നിന്ന്​ സർവീസ്​ നടത്തുന്ന എ.ഐ 997 എന്നിവയാണ്​ ബുക്കിങ്​ അവസാനിപ്പിക്കുന്നത്​. ഈ വിമാനങ്ങളുടെ തിരിച്ചുള്ള ദുബൈ, ഷാർജ സർവീസുകളും ബുക്കിങ്​ സ്വീകരിക്കില്ല. നിലവിൽ എയർ ഇന്ത്യയുടെ വെബ്​സൈറ്റിൽ നിന്ന്​ ഈ വിമാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്​. ഷാർജയിൽ നിന്ന്​ കോഴിക്കോട്ടേക്കുള്ള ഏക എയർ ഇന്ത്യ വിമാനമാണ്​ ബുക്കിങ്​ അവസാനിപ്പിക്കുന്നത്​​. മാർച്ച്​ 27 മുതൽ ‘നോ ​ൈഫ്ലറ്റ്​’ എന്നാണ്​ വെബ്​സൈറ്റിൽ കാണിക്കുന്നത്​. രാത്രി 11.45നാണ്​ ഈ വിമാനം പുറപ്പെട്ടിരുന്നത്​.

വിമാന സർവീസുകൾ കോഴിക്കോട്ടേക്ക് കുറഞ്ഞ നിരക്കിലുള്ള​ യാത്രക്കാരുടെ ആശ്രയമാണ്​ ഈ വിമാനങ്ങൾ. ഇത്​ സർവീസ്​ അവസാനിപ്പിച്ചാൽ മറ്റ്​ വിമാനങ്ങൾ നിരക്കുയർത്താനും സാധ്യതയുണ്ട്​. സ്വകാര്യവത്​കരണത്തെ തുടർന്ന്​ എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ്​ ഈ നീക്കമെന്ന്​ സൂചനയുണ്ട്​.

വിമാനങ്ങൾ നിർത്തരുതെന്ന് കെ.എം.സി.സി

ദുബൈ: ഗൾഫിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ നിർത്തരുതെന്ന ആവശ്യവുമായി യു.എ.ഇ കെ.എം.സി.സി നേതാക്കൾ. എയർ ഇന്ത്യയുടെ തീരുമാനം പ്രവാസികളെ കഷ്ടപ്പെടുത്തും. സ്വകാര്യവൽക്കരണം മൂലമുണ്ടാവുന്ന ദുരിതം പ്രവാസികളെയാണ് ബാധിക്കുന്നത്​. എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് നിർത്തരുതെന്ന ആവശ്യവുമായി വെള്ളിയാഴ്ച പ്രതിപക്ഷ എം.പിമാർ വ്യോമയാന മന്ത്രാലയത്തെ സമീപിക്കും. എം.പിമാരായ പി.വി. അബ്ദുൽ വഹാബ്, അബ്ദുസ്സമദ് സമദാനി എന്നിവർ കെ.എം.സി.സിയുടെ ആവശ്യം പരിഗണിച്ച് വ്യോമയാന മന്ത്രിയെ കാണുന്നുണ്ടെന്നും നാഷനൽ കമ്മിറ്റി പ്രസിഡന്‍റ്​ പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര എന്നിവർ അറിയിച്ചു.

 

Air India suspends four UAE-Kozhikode flights

Leave a Reply

Your email address will not be published. Required fields are marked *