അകമല: രണ്ട് മണിക്കൂറിനകം ഒഴിയണമെന്ന ന​ഗരസഭാ മുന്നറിയിപ്പ് തിരുത്തി കലക്ടർ

Akamala

തൃശൂർ: വടക്കാഞ്ചേരി അകമലയിൽ അതീവ അപകട സാധ്യതയുണ്ടെന്നും രണ്ട് മണിക്കൂറിനകം വീടൊഴിയണമെന്നും നഗരസഭ നൽകിയ മുന്നറിയിപ്പ് ജില്ലാ കലക്ടർ തിരുത്തി. ഇന്ന് ഉച്ചയോടെയാണ് വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെ.കെ മനോജ് രണ്ട് മണിക്കൂറിനകം ഒഴിയണമെന്ന നിർദേശം നൽകുകയാണെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. അത്യാവശ്യ രേഖകൾ കയ്യിൽ കരുതണമെന്നും സെക്രട്ടറി അറിയിച്ചു.Akamala

ഇതനുസരിച്ച് മീഡിയവൺ അടക്കമുള്ളവർ വാർത്ത നൽകി. വിവരമറിഞ്ഞ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ വീണ്ടും നഗരസഭയുമായി ബന്ധപ്പെട്ടു. രണ്ട് മണിക്കൂറിനകം ഒഴിയണമെന്ന വിവരം ഉടൻ അനൗൺസ് ചെയ്യുമെന്നായിരുന്നു അപ്പോഴും നഗരസഭയിൽ നിന്ന് മീഡിയവണിന് ലഭിച്ച മറുപടി. ഇതിന് ശേഷമാണ് ഈ അറിയിപ്പ് ജില്ലാ കലക്ടർ തിരുത്തിയത്. രണ്ട് മണിക്കൂറിനകം ഒഴിയണമെന്ന പരാമർശം ഒഴിവാക്കണമെന്ന കലക്ടറുടെ നിർദേശം പരിഗണിച്ച് മാധ്യമങ്ങൾ ഈ വിവരം തിരുത്തുകയും ചെയ്തു. നഗരസഭയുടെ ആവശ്യപ്രകാരം മീഡിയവൺ അടക്കമുള്ളവർ നൽകിയ വാർത്ത വ്യാജമാണെന്നാണ് ജില്ലാ കലക്ടർ സോഷ്യൽ മീഡിയയിൽ പറഞ്ഞത്.

അകമല – മാരാത്തുകുന്ന് ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ആളുകളെ മാറ്റണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്ന് കലക്ടറുടെ അറിയിപ്പിൽ പറയുന്നു. 25 കുടുംബങ്ങൾ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറി. ഇന്ന് സ്ഥലം സന്ദർശിച്ച ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ഭൂജലവകുപ്പ് തുടങ്ങിയവർ അടങ്ങുന്ന വിദഗ്ധ സംഘം ആളുകളെ മാറ്റിത്താമസിപ്പിക്കണമെന്ന് അറിയിച്ചതായി തഹസിൽദാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ രണ്ട് മണിക്കൂറിനകം ഒഴിയണമെന്നത് തെറ്റായ വിവരമാണെന്നും കലക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *