‘ആലിൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും’; ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ
കോഴിക്കോട്: പത്തു മാസം മാത്രം നീണ്ട ജീവിതത്തിന് ശേഷം വിട പറഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന് ആദരാഞ്ജലി അർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലിൻ ഇനി ജന ഹൃദയങ്ങളിൽ ജീവിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഏക മകളുടെ വിയോഗമുണ്ടാക്കിയ സങ്കടത്തിനിടയിലും കുട്ടിയുടെ അവയവങ്ങള്‍ നാല് കുട്ടികൾക്ക് നല്‍കാനുള്ള മാതാപിതാക്കളുടെ തീരുമാനം ഹൃദയത്തെ സ്പർശിക്കുന്നു. അവരുടെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി. സതീശൻ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആലിൻ മടങ്ങുന്നു. പത്ത് മാസം ലോകം കണ്ടതിന് ശേഷം. എത്രയോ പതിറ്റാണ്ടുകൾ ഈ ലോകത്ത് ഉണ്ടാകേണ്ടതായിരുന്നു. ഇനി ജന ഹൃദയങ്ങളിൽ ആലിൻ ജീവിക്കും. ഒരു നൊമ്പരമായി മാത്രമല്ല, മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമായി. വരും തലമുറകൾക്ക് മഹത്തായ പാഠങ്ങൾ പകർന്ന് നൽകുന്ന വലിയ സന്ദേശം.
ഏക മകളുടെ വിയോഗമുണ്ടാക്കിയ സങ്കടത്തിനിടയിലും കുട്ടിയുടെ അവയവങ്ങള്‍ നാല് കുട്ടികൾക്ക് നല്‍കാനുള്ള മാതാപിതാക്കളുടെ തീരുമാനം ഹൃദയത്തെ സ്പർശിക്കുന്നു. അവരുടെ സങ്കടത്തില്‍ പങ്കുചേരുന്നു. പൊന്നോമന നഷ്ടപ്പെട്ട തീവ്ര വേദനയ്ക്കിടയിലും ഞങ്ങൾക്ക് നാലു മക്കള്‍ കൂടി ഉണ്ടായെന്നാണ് ആ കുടുംബം പറയുമ്പോൾ എങ്ങനെയാണ് കണ്ണ് നനയാതിരിക്കുക.
ഏറ്റവും വലിയൊരു ദുഃഖം വന്നപ്പോഴും മറ്റു കുട്ടികളുടെ കൂടി ജീവന് മുന്നില്‍ക്കണ്ട് ആ മാതാപിതാക്കള്‍ എടുത്ത തീരുമാനം നമ്മുടെ മനസിലാണ് പതിയേണ്ടത്. ഒരു നാടൊന്നാകെ അവർക്കൊപ്പം എന്നും ഉണ്ടാകും.
അതേസമയം, രണ്ടു കുരുന്നുകൾക്ക് പറക്കാൻ ആകാശം നൽകിയാണ് പത്തു മാസം മാത്രം നീണ്ട ജീവിതത്തിന് ശേഷം ആലിൻ മടങ്ങുന്നത്. മസ്തിഷ്ക മരണാനന്തരം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ രണ്ടു വൃക്കകൾ പത്തു വയസ്സുള്ള ശ്രേയക്കും കരൾ ആറു മാസം പ്രായമുള്ള ധ്രിയക്കുമാണ് നൽകിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവെക്കലും തലസ്ഥാനത്തെ തന്നെ സ്വകാര്യ ആശുപത്രിയിൽ നടന്ന കരൾ മാറ്റിവെക്കലും വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരം സ്വദേശികളാണ് ശ്രേയയും ധ്രിയയും. ഇരുവരും നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്ക് ശേഷം ശ്രേയയെ ഐ.സി.യുവിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി പത്തരക്ക് ആരംഭിച്ച ധ്രിയയുടെ ശസ്ത്രക്രിയ ശനിയാഴ്ച രാവിലെ ആറിനാണ് അവസാനിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. സംസ്ഥാനത്തു കരൾ സ്വീകരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ദിവസങ്ങൾ നിരീക്ഷിച്ചാൽ മാത്രമേ അവയവ മാറ്റിവെക്കലിന്റെ പുരോഗതി അറിയാനാകൂ. ശ്രീചിത്രയിലെത്തിച്ച ആലിനിന്റെ ഹൃദയവാൽവ് നടപടികൾ പൂർത്തിയാക്കി സൂക്ഷിക്കും.
ആലിൻ ഷെറിൻ എബ്രഹാമിന്റെ അന്ത്യയാത്ര സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ്. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് പത്തനംതിട്ട ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് മൂന്നിന് നെടുങ്ങാടപ്പള്ളി സി.എസ്.ഐ ചർച്ചിൽ നടക്കുന്ന സംസ്കാര ചടങ്ങിന്റെ ഭാഗമായിട്ടായിരിക്കും ഔദ്യോഗിക ബഹുമതികളർപ്പിക്കുക. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാറിനും വേണ്ടി കലക്ടർ റീത്ത് സമർപ്പിക്കും. ബ്യൂഗിൾ സല്യൂട്ടോടെയുള്ള പൊലീസ് ആദരവും അർപ്പിക്കും.
