‘എല്ലാ കണ്ണുകളും റഫയിൽ’ ഇസ്രായേൽ ക്രൂരതക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം
റഫയിലെ ടെന്റുകളിൽ ഇസ്രായേൽ സൈന്യം നടത്തിയ ക്രൂരതയ്ക്കെതിരെ വലിയ പ്രതിഷേധ ക്യാമ്പയിനാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ട്വിറ്ററിൽ ഇസ്രായേൽ സൈന്യം കൊന്നുകളഞ്ഞ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളുമാണ് പ്രചരിക്കുന്നത്.
All Eyes on Rafah എന്ന പോസ്റ്ററാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങായിരിക്കുന്നത്. രാഷ്ട്രീയക്കാരും,സിനിമാ ഫുട്ബോൾ താരങ്ങളും, യുവാക്കളും വിദ്യാർഥികളുമട.ക്കം മിക്കവരും സ്റ്റോറിയാക്കി ഫലസ്തീനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ്
ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോകളും ഇസ്രായേലിന്റെ ക്രൂരതവെളിപ്പെടുത്തുന്നതാണ്. വെടിയുണ്ട തുളച്ചുകളഞ്ഞ കുഞ്ഞിന്റെ തലയും പിടിച്ച് നിൽക്കുന്ന രക്ഷാപ്രവർത്തകരും,കഴുത്തറ്റുപോയ ഉടലിൽ ബാക്കിയായ കുഞ്ഞുമകളുടെ ശരീരം ചേർത്ത് പിടിച്ച് നിൽക്കുന്ന പിതാവും. ബോംബുകൾ തുപ്പിയ തീയിൽ വെന്ത് നീറിപ്പോയ കുഞ്ഞുടലുകൾ പിടിച്ച് അലമുറയിട്ട് കരയുന്ന മാതാപിതാക്കളുടെ ചിത്രങ്ങളും വിഡിയോകളുമാണ് ട്വിറ്ററിൽ വൈറലാകുന്നത്.
വെന്തുമരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഗർഭിണികളും ഇതിൽ ഉൾപ്പെടും. നിരവധി കുട്ടികളുടെ ചിന്നിച്ചിതറിയ ശരീരങ്ങൾ സ്ഥലത്തുനിന്നു കിട്ടിയെന്ന് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കത്തിക്കരിഞ്ഞ ശരീരങ്ങൾ. ചിന്നിച്ചിതറിയ കൈക്കാലുകൾ. പൊള്ളലേൽക്കുകുയം അംഗവിഹീനരാകുകയും ചെയ്ത കുട്ടികളും സ്ത്രീകളും വയോധികരുമാണ് എല്ലായിടത്തും.
റഫയിലെ അഭയാർഥി ക്യാംപിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ നടുക്കുന്ന ഓർമകളാണ് എല്ലാവർക്കും പങ്കുവെക്കാനുള്ളത്.‘ഞങ്ങളെല്ലാം ടെന്റിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ക്യാംപിൽ ബോംബ് പതിക്കുന്നത്. കുടുംബത്തിലെ അഞ്ചുപേരെ എനിക്ക് നഷ്ടപ്പെട്ടു. എല്ലാവരും പൂർണമായി കത്തിക്കരിഞ്ഞിരുന്നു. ഗർഭിണിയായ ഒരു സ്ത്രീയും അക്കൂട്ടത്തിലുണ്ട്. ഈ ആക്രമണം നടക്കുംവരെ ഇവിടം സുരക്ഷിതമാണെന്നാണ് അവർ എപ്പോഴും പറഞ്ഞിരുന്നത്.’ ഇന്നലെ റഫായിലെ അഭയാർഥി ക്യാംപിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ അൽജസീറയോട് പങ്കുവയ്ക്കുകയായിരുന്നു മാജിദ് അൽഅത്താർ. ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ആക്രമണത്തെ തുടർന്ന് വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽനിന്ന് കുടുംബത്തോടൊപ്പം റഫായിലേക്കു പലായനം ചെയ്തതായിരുന്നു മാജിദ്. യു.എൻ സംരക്ഷണമുള്ള മേഖല സുരക്ഷിതമാണെന്നായിരുന്നു ഇന്നലെ രാത്രിവരെ മാജിദും കുടുംബവുമെല്ലാം വിശ്വസിച്ചിരുന്നത്.