അലഹബാദ് ഹൈക്കോടതി ഉത്തരവ്; സംഭൽ ഷാഹി മസ്ജിദിൽ പെയ്ന്റിങ് തുടങ്ങി
സംഭൽ: സംഭൽ ഷാഹി മസ്ജിദിൽ പെയിന്റിങ് ജോലികൾ തുടങ്ങി. മസ്ജിന്റെ പുറം ചുമരുകളാണ് ആദ്യ ദിവസം പെയിന്റ് ചെയ്യാൻ തുടങ്ങിയത്. മസ്ജിദിലെ പെയിന്റിങ് ജോലികൾ ഒരാഴ്ചക്കകം പൂർത്തീകരിക്കാൻ മാർച്ച് 12ന് അലഹബാദ് ഹൈക്കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന് പിന്നാലെ മാർച്ച് 13ന് പള്ളി സന്ദർശിച്ച എഎസ്‌ഐ സംഘം പെയ്ന്റിങ്ങിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നു.Allahabad
ഹിന്ദുത്വ സംഘടനകൾ അവകാശവാദമുന്നയിച്ചതോടെയാണ് സംഭൽ മസ്ജിദ് വാർത്തകളിൽ നിറഞ്ഞത്. ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം മസ്ജിദിൽ സർവേ നടത്താൻ ജില്ലാ കോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞ നവംബർ 24ന് സർവേക്കെതിരെ പ്രതിഷേധിച്ച അഞ്ച് മുസ്‌ലിം യുവാക്കളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദേശത്തെ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇപ്പോഴും പൊലീസ് വേട്ട തുടരുകയാണ്. സംഘർഷസമയത്ത് ഇവിടം വിട്ടുപോയ നിരവധിപേർ ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല.