തൃശ്ശൂരിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു
തൃശ്ശൂർ : എളവള്ളിയിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു.ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. ചിറക്കൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ പാപ്പാന് നിസ്സാര പരിക്കേറ്റു. വൈകുന്നേരം 3 മണിയോടുകൂടിയാണ് സംഭവം.
പൈങ്കണിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആന കുളിപ്പിക്കുന്നതിനിടയിൽ ഇടഞ്ഞു. ആദ്യം പാപ്പാനെ ആക്രമിച്ചു. തുടർന്ന് വിരണ്ട് ഓടിയ ആന കടവല്ലൂർ റെയിൽവേ പാലത്തിന് സമീപത്തെ പറമ്പിൽ വിശ്രമിക്കുകയായിരുന്ന ആനന്ദിനെയും ആക്രമിച്ചു. ആനന്ദിന്റെ വയറ്റിലാണ് ആന കുത്തിയത്. ഉടൻതന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്സവത്തിന് കച്ചവടത്തിനായി എത്തിയതായിരുന്നു ആനന്ദ്.
ഇവിടെ നിന്നും ഓടിയ ആനയെ നാലര കിലോമീറ്റർ അപ്പുറത്ത് കണ്ടാണശേശരിയിൽ വെച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളച്ചത്. ആനയുടെ പപ്പാൻ കുനിശ്ശേരി സ്വദേശി രാജേഷിന്റെ പരിക്ക് ഗുരുതരമുള്ളതല്ല.