ഒരു ഒഡിഷ ഹെർസ്റ്റോറി; സംസ്ഥാനത്തെ ആദ്യ വനിതാ മുസ്‌ലിം എംഎൽഎയായി 32കാരി
ഭുബനേശ്വർ: ഒഡിഷയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് 32കാരി. സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ, സംസ്ഥാനത്തെ ആദ്യ വനിതാ മുസ്‌ലിം എംഎൽഎയായി സോഫിയ ഫിർദൗസ്. കോൺഗ്രസ് സ്ഥാനാർഥിയായ സോഫിയ ബാരാബതി- കട്ടക്ക് സീറ്റിൽ നിന്ന് മത്സരിച്ച് ജയിച്ചാണ് പുതുചരിത്രം രചിച്ചത്.MLA
ബിജെപിയുടെ പൂർണചന്ദ്ര മഹാപാത്രയെയാണ് സോഫിയ പരാജയപ്പെടുത്തിയത്. 8001വോട്ടുകൾക്കായിരുന്നു വിജയം. സോഫിയ 5,3,339 വോട്ടുകൾ നേടിയപ്പോൾ 4,53,38 ആയിരുന്നു ബിജെപി സ്ഥാനാർഥിയുടെ സമ്പാദ്യം. ബിജു ജനതാദളിൻ്റെ (ബിജെഡി) പ്രകാശ് ചന്ദ്ര ബെഹ്‌റയാണ് മൂന്നാമത്. മണ്ഡലത്തിലെ എംഎൽഎയായിരുന്ന മുഹമ്മദ് മൊഖ്വിമിന്റെ മകളാണ് സോഫിയ.
വായ്പാ തട്ടിപ്പ് കേസിൽശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ട എംഎൽഎയും പിതാവുമായ മൊഖ്വിമിന് പകരമാണ് ഇത്തവണ സോഫിയയെ കോൺഗ്രസ് മത്സരിപ്പിച്ചത്. മൊഖ്വിമിന്റെ ശിക്ഷ സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചതോടെയാണ് കോൺഗ്രസ് ഇത്തവണ ആളെ മാറ്റി പരീക്ഷിച്ചത്. ഇത് വിജയിക്കുകയായിരുന്നു.
സിവിൽ എഞ്ചിനീയിറങ് ബിരുദധാരിയായ സോഫിയ പിതാവിന്റെ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ മെട്രോ ബിൽഡേഴ്സ് കമ്പനിയുടെ ഡയറക്ടറും കൂടിയാണ്. സോഫിയയുടെ വിജയത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. 2023ൽ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (ക്രെഡായി) ഭുബനേശ്വർ യൂണിറ്റ് പ്രസിഡന്റായും അവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2007ൽ കട്ടക്കിലെ സെൻ്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ഐ.സി.എസ്.ഇ പൂർത്തിയാക്കിയ സോഫിയ 2009ൽ റാവൻഷോ ജൂനിയർ കോളജിൽ പ്ലസ് ടുവിന് ശേഷം കെഐഐടി സർവകലാശാലയ്ക്ക് കീഴിലുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ
ബി.ടെക്കിന് ചേർന്നു. 2013ൽ സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. 2022ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ (ഐഐഎം) എക്‌സിക്യൂട്ടീവ് ജനറൽ മാനേജ്‌മെൻ്റ് പ്രോഗ്രാമും പൂർത്തിയാക്കി.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സോഫിയയുടെ പിതാവ് മൊഖ്വിം ബാരാബതി-കട്ടക്ക് സീറ്റിൽ 2,123 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. ബിജെഡിയുടെ ദേബാശിഷ് സമന്തരായയെ ആയിരുന്നു ഇദ്ദേഹം പരാജയപ്പെടുത്തിയത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടര പതിറ്റാണ്ടിന് ശേഷം മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാരിന് സംസ്ഥാനത്തെ ഭരണം നഷ്ടമായി. ഒഡിഷയിലെ 147 അംഗ നിയമസഭയിൽ 78 സീറ്റുകൾ നേടി ബിജെപിയാണ് ഇത്തവണ ഭരണം പിടിച്ചത്. ഭരണകക്ഷിയായിരുന്ന ബിജെഡിക്ക് 51 സീറ്റുകളാണ് ലഭിച്ചത്.
—