തട്ടിൽ തീ പടർത്തിയ ഇരവിയിലെ അനാമിക മികച്ച നടി
തൃശൂർ: പ്രണയവും പകയും തട്ടിൽ തീ ജ്വാല പടർത്തിയ അനാമിക സംസ്ഥാന സ്കൂൾ കലോത്സവം എച്ച്.എസ്.എസ് വിഭാഗം നാടകത്തിലെ മികച്ച നടിയായി. ഷിഖിൽ ഗൗരി സംവിധാനം ചെയ്ത ഇരവി എന്ന നാടകത്തിലെ ഇരവിയെന്ന കഥാപാത്രത്തെയാണ് അനാമിക അവിസ്മരണീയമാക്കിയത്.
കാട് കാക്കുന്ന ഊര് മൂപ്പന്‍റെ മരണവും ആ സമയത്ത് പിറക്കുന്ന മകൾ കാടിന്‍റെ അവകാശിയാകുന്നതുമാണ് കഥയുടെ തുടക്കം. പ്രണയിച്ച് പിന്നെ ചതിയിലൂടെ കാടും കീഴ്പ്പെടുത്താൻ എത്തുന്ന വീരനേയും കൂട്ടാളികളേയും കൊന്നൊടുക്കുന്ന ഇരവിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.
മലപ്പുറം കൊളത്തൂർ എൻ.എച്ച്.എസ്.എസ് വിദ്യാർഥിയായ അനാമിക ജില്ല കലോത്സവത്തിലും ഇതേ കഥാപാത്രത്തിന് മികച്ച നടിയായിരുന്നു. ഇരുമ്പിളിയം സ്വദേശികളായ ബിജു പ്രജുഷ ദമ്പതികളുടെ മകളാണ്.
