അങ്ങാടിപ്പുറം-വൈലോങ്ങര ബൈപ്പാസ്; ഭൂമി നൽകിയവർക്ക് 3.24 കോടി

പെരിന്തൽമണ്ണ: ദേശീയ പാതയിൽ അങ്ങാടിപ്പുറം ജങ്ഷനിലെ ഗതാഗത കുരുക്കിന് വലിയൊരളവ് വരെ പരിഹാരമാകുന്ന ഓരാടംപാലം-വൈലോങ്ങര ബൈപാസിന് ഭൂമി വിട്ട് കൊടുത്തവർക്ക് രണ്ട് ദിവസത്തിനകം നഷ്ടപരിഹാര തുക നൽകും. 3,24,91,620 രൂപയാണ് ഭൂമിയുടെ വിലയായി വിതരണം ചെയ്യുന്നത്. 1.0597 ഹെക്ടർ ഭൂമി ഏറ്റെടുത്താണ് പഴയ വീതികുറഞ്ഞ റോഡിനോട് കൂട്ടി ചേർക്കുന്നത്.

2016 -ല്‍ 12.62 കോടി രൂപ കിഫ്ബിയില്‍നിന്നും അനുവദിച്ച് ഉത്തരവാവുകയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ (ആർ.ബി.ഡി.സി.കെ.) കൺസൽട്ടൻസിയായി നിശ്ചയിച്ച് നിർമാണ ചുമതല നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ വന്നു. പിന്നീട് റിവൈസ്ഡ് പ്രപ്പോസല്‍ സബ്പ്രോജക്ട് റിവിഷനായി ഡി.പി.ആർ സമർപ്പിച്ചതോടെ 16.09 കോടിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുകയായിരുന്നു.

അതേസമയം, 2023 ജൂൺ 17ന് ബൈപ്പാസ് റോഡിന് കല്ലിടൽ നടത്തിയതാണ്. ഇതുവരെ ടെൻഡർ നടപടികളിലേക്ക് കടന്നിട്ടില്ല. ഭൂമിയുടെ ന്യായവില വിതരണം പൂർത്തിയായാൽ ടെൻഡർ വിളിക്കും. പുതുക്കിയ പദ്ധതി പ്രകാരം റോ‍ഡിന്റെ വീതി നേരത്തെ നിശ്ചയിച്ചിരുന്ന 12 മീറ്ററില്‍ നിന്നും 13. 60 മീറ്ററായി വർധിച്ചിട്ടുണ്ട്. സർക്കാറിലും ഉദ്യോഗസ്ഥ തലത്തിലും മഞ്ഞളാംകുഴി അലി എം.എൽ.എ ഏറെ സമ്മർദ്ദം ചെലുത്തിയാണ് ഉടമകൾക്ക് തുക ലഭ്യമാക്കുന്നത്.

ബൈപാസ് വരുന്നതോടെ മലപ്പുറം, മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം തളി ജങ്ഷനിൽ എത്താതെ ബൈപാസ് വഴി കോട്ടക്കൽ, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്തേക്ക് തിരിഞ്ഞ് പോകാൻ കഴിയും. കോട്ടക്കൽ, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രധാന ജങ്ഷനിൽ വരാതെ മലപ്പുറം, മഞ്ചേരി ഭാഗത്തേക്കും തിരിച്ചും പോകാം.

മലപ്പുറം, മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും കോട്ടക്കൽ, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഒരേ സമയം കൂട്ടത്തോടെ തളി ജങ്ഷനിൽ എത്തുന്നതിനൊപ്പം പെരിന്തൽമണ്ണ ഭാഗത്ത് നിന്നുള്ള വാഹനങ്ങളും കൂടി വരുന്നതോടെയാണ് അങ്ങാടിപ്പുറത്ത് തീർത്താൽ തീരാത്ത കുരുക്കിനാണ് വഴിവെക്കുന്നത്. ബൈപാസ് പൂർത്തിയാകുന്നതോട ജങ്ഷനിലെ കുരുക്കിന് വലിയ ആശ്വാസമാണ് ലഭിക്കുക.

2016ൽ മുൻ എം.എൽ.എ അഹമ്മദ് കബീറിന്റെ കാലത്ത് സർക്കാറിന്റെ മുമ്പിൽ കൊണ്ടുവന്ന പദ്ധതിയാണ് ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ്.