നൂറ്റാണ്ട് പിന്നിട്ട വോട്ട്; 102ാം വയസ്സിൽ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി അന്നമ്മ
തൃക്കരിപ്പൂർ: ജനാധിപത്യത്തിൽ പങ്കുചേരാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് 102 വയസ്സുകാരിയായ അന്നമ്മ അബ്രഹാം. നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി, തന്റെ സമ്മതിദാന അവകാശം ഒരിക്കൽകൂടി വിനിയോഗിച്ചപ്പോൾ ആ മുഖത്ത് തെളിഞ്ഞത് പൗരബോധത്തിന്റെ അഭിമാനം. പൊങ്കൽ ഇളയാനിതോട്ടത്തിൽ പരേതനായ അബ്രഹാമിന്റെ ഭാര്യയാണ് അന്നമ്മ. ഇവർക്ക് ആറ് മക്കളാണുള്ളത് (ഇതിൽ ഒരാൾ മരിച്ചു). തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പൊങ്കൽ സാംസ്കാരിക നിലയത്തിലെ 90ാം നമ്പർ ബൂത്തിലെ വോട്ടറായ അന്നമ്മക്ക്, വാർധക്യസഹജമായ അവശതകൾ കാരണം ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ പ്രയാസമുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ഹോം വോട്ടിങ് സംവിധാനം തുണയായത്. പോളിങ് ഉദ്യോഗസ്ഥർ ഇളയാനി തോട്ടത്തിൽ വീട്ടിൽ നേരിട്ടെത്തി വോട്ടിങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിനൽകുകയായിരുന്നു. വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം പൂർണമായും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാക്കി. സ്പെഷൽ പോളിങ് ഓഫിസർ ഇ.എം. ശ്രീരഞ്ജിനി, മൈക്രോ ഒബ്സർവർ വി.കെ. രഞ്ജിത്ത്, അബ്ദുൽറഹിമാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.
