മുസ്ലിം സംവരണത്തിൽ വീണ്ടും വെട്ട്; ആശ്രിത നിയമനത്തിനായി മുസ്ലിം സംവരണ ടേൺ മാറ്റി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിലെ മുസ്ലിം സംവരണത്തിൽ വീണ്ടും വെട്ട്. ആശ്രിത നിയമനത്തിനായി സർക്കാർ നിർദേശിച്ചത് മുസ്ലിം സംവരണ ടേണായ 16-ാം ഒഴിവാണ്. ഭരണപരിഷ്കാര വകുപ്പ് തയ്യാറാക്കിയ പുതുക്കിയ മാർഗനിർദേശത്തിന്റെ കരടിലാണ് അട്ടിമറി നടത്തിയിരിക്കുന്നത്.MUSLIM
സർക്കാർ സർവിസിലിരിക്കെ മരണമടയുന്ന ജീവനക്കാരന്റെ ആശ്രിതർക്കു നിയമനം നൽകുന്നതുമായി ബന്ധപ്പെട്ടു സർക്കാർ ഈ മാസം രണ്ടിന് പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് മുസ്ലിം സംവരണം അട്ടിമറിക്കുന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചത്. കരട് രേഖ ചർച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്സിൽ സർവിസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.ഭിന്നശേഷി സംവരണം നടപ്പാക്കാൻ രണ്ടു ശതമാനം മുസ്ലിം സംവരണം വെട്ടിക്കുറച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഒരു ശതമാനംകൂടി വെട്ടിക്കുറക്കാൻ കരട് തയാറാക്കിയിരിക്കുന്നത്. റൊട്ടേഷൻ ചാർട്ടിലെ മുസ്ലിം സംവരണമായ 26, 76 ടേണുകൾ ഭിന്നശേഷി വിഭാഗത്തിന് നീക്കിവെച്ച് 2019 ഒക്ടോബറിലാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. നിയമസഭയിൽ അടക്കം എം.എൽ.എമാർ ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 2013 ഒക്ടോബർ ഒന്നിന് പ്രസ്തുത ഉത്തരവ് സാധൂകരിക്കുന്ന പുതിയ ഉത്തരവ് ഇറക്കുകയാണ് ചെയ്തത്. ഇത് വിവാദമായതിനെതുടർന്ന് മുസ്ലിം സംവരണം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സംവരണം വെട്ടിക്കുറക്കാൻ നീക്കം നടക്കുന്നത്.