മുസ്‌ലിം വിരുദ്ധ പ്രസ്താവന: യൂത്ത്‌ലീഗ് പരാതിയില്‍ ജലീലിനെതിരെ അന്വേഷണം

Anti-Muslim statement: Investigation against Jaleel in youth league complaint

 

മലപ്പുറം: കെ.ടി ജലീല്‍ എംഎല്‍എയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മലപ്പുറം ജില്ലാ പോലീസ് മേധാവി. മുസ്‌ലിം യൂത്ത്‌ലീഗ് നേതാവ് യു.എ റസാഖ് നല്‍കിയ പരാതിയിലാണ് എസ്.പി ആര്‍ വിശ്വനാഥ് അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം ഡിവൈഎസ്പി ടി.എസ് സിനോജിനാണ് അന്വേഷണ ചുമതല.

ഒരു സമുദായത്തെയും നാടിനെയും മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പ്രസ്താവന ഇറക്കിയ കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് യു.എ റസാഖ് കഴിഞ്ഞ ദിവസമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. അതില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാനാണ് ഡിവൈഎസ്പി ടി.എസ്. സിനോജിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണ്ണ കള്ളകടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില്‍ 99 ശതമാനവും മുസ്‌ലിംകളാണെന്നും മത പണ്ഡിതന്‍ ഹജ്ജ് കഴിഞ്ഞു മടങ്ങുമ്പോള്‍ സ്വര്‍ണ്ണം കടത്തി പിടിക്കപ്പെട്ടുവെന്നും മലപ്പുറം അതിന്റെ നാടാണെന്നുമെല്ലാമുള്ള പ്രസ്താവനക്കെതിരെയായിരുന്നു റസാഖിന്റെ പരാതി.

ഒരു നാടിനെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്നും മതസ്പര്‍ധയുണ്ടാക്കി മലപ്പുറത്തെ കലാപ സംഘര്‍ഷ ഭൂമിയാക്കുക, ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുക, ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക, വ്യാജ പ്രചരണം നടത്തുക എന്നീ ലക്ഷ്യത്തോടെയാണ് ജലീല്‍ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. പ്രസ്താവനെക്കെതിരെ കലാപാഹ്വാനത്തിനും വ്യാജ പ്രചരണത്തിനും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *