ആന്റണി രാജുവിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി
തിരുവനന്തപുരം: മയക്കുമരുന്നുമായി അറസ്റ്റിലായ വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ കോടതി ശിക്ഷിച്ച സാഹചര്യത്തിൽ ആന്റണി രാജുവിനെതിരെ നടപടി. ആന്റണി രാജുവിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി നിയമസഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി.
കേസില്‍ മൂന്ന് വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇതോടെ മുന്‍ മന്ത്രി കൂടിയായ ആന്റണി രാജുവിന് എം.എൽ.എ സ്ഥാനവും നഷ്ടപ്പെട്ടു. അപ്പീലിലൂടെ അനുകൂല വിധി നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആറ് വര്‍ഷത്തേക്ക് ആന്റണി രാജുവിന് മത്സരിക്കാനാകില്ല.
കേസിലെ ഒന്നാം പ്രതിയായ റിട്ട. കോടതി ജീവനക്കാരന് കെ.എസ് ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ലഹരി മരുന്ന് കേസില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. അടിവസ്ത്രം തൊണ്ടി മുറി ക്ലാര്‍ക്കായിരുന്ന ഒന്നാം പ്രതി ജോസിന്റെ സഹായത്തോടെ കൈക്കലാക്കുകയും ചെറുതാക്കിയ ശേഷം തിരികെ വെച്ചുവെന്നുമാണ് ആന്റണി രാജുവിനെതിരായ കേസ്. ഈ കേസിലാണ് ആന്റണി രാജു ശിക്ഷിക്കപ്പെട്ടത്.
ആന്റണി രാജുവിന്റെ അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാൻ നേരത്തേ ബാർ കൗൺസിൽ തീരുമാനിച്ചിരുന്നു. കോടതി തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമാസം ജാമ്യം അനുവദിച്ചതിനാൽ ഉടൻ അപ്പീൽ പോകാനുള്ള ഒരുക്കത്തിലാണ് ആന്റണി രാജു. നിയമപരമായ കാര്യങ്ങൾ പെട്ടെന്ന് ആരംഭിച്ചില്ലെങ്കിൽ ഒരുമാസത്തിനപ്പുറം ജയിലിൽ പോകേണ്ട അവസ്ഥയുണ്ടാകും. ഇക്കാര്യത്തിൽ, നടപടികൾ പൂർത്തിയാകുന്ന മുറക്കാകും രാഷ്ട്രീയമായ തുടർനീക്കം ആലോചിക്കുക.
തൊണ്ടിമുതൽ അട്ടിമറിയുടെ നാൾവഴി
1990 ഏപ്രിൽ നാല്: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61.5 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവേദോർ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിൽ.
1990: സാൽവേദോറിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവിറക്കി. പ്രശസ്ത അഭിഭാഷകയായ സെലിൻ വിൽഫ്രഡാണ് പ്രതിക്കു വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു
1994: അപ്പീൽ ഹൈക്കോടതിയിൽ. അടിവസ്ത്രം ആൻഡ്രുവിന്റേതല്ലെന്ന വാദം അംഗീകരിച്ച് വെറുതേവിട്ടു. തൊട്ടുപിന്നാലെ ആൻഡ്രൂ സാൽവേദോർ രാജ്യം വിട്ടു.
1994: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
2002: തെളിവില്ലെന്നു കാട്ടി കേസ് റദ്ദാക്കണമെന്ന പൊലീസ് റിപ്പോർട്ട് കോടതിയിൽ.
2005: കേസ് പുനരന്വേഷിക്കാൻ ഐ.ജിയായിരുന്ന ടി.പി. സെൻകുമാർ ഉത്തരവിട്ടു.
2006 ഫെബ്രുവരി 13: ആന്റണി രാജു ഒന്നും കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്ക് എസ്. ജോസ് രണ്ടും പ്രതിയാക്കി തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2014: നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് കേസ് മാറ്റി
2023: കേസ് പുനരന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു
2024 നവംബർ 20: ആന്റണി രാജു പുനരന്വേഷണം നേരിടണമെന്ന് സുപ്രീംകോടതി അറിയിച്ചു
2026 ജനുവരി മൂന്ന്: ആന്റണി രാജുവും ജോസും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു.
