ശവരതി പേടിച്ച് പാകിസ്താനില്‍ പെൺമക്കളുടെ ഖബര്‍ താഴിട്ടുപൂട്ടുന്നോ? ഹൈദരാബാദിലെ ചിത്രം പങ്കുവച്ച് ദേശീയമാധ്യമങ്ങളുടെ വ്യാജവാര്‍ത്ത

ഹൈദരാബാദ്: പാകിസ്താനിൽ ശവരതി ഭയന്ന് രക്ഷിതാക്കൾ പെൺമക്കളുടെ ഖബറുകൾ താഴിട്ടുപൂട്ടുന്നുവെന്നൊരു ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. പച്ച ഗ്രിൽ കൊണ്ട് പൂട്ടിയിട്ട ഒരു ഖബറിടത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു പ്രചാരണം. എന്നാൽ, തെലങ്കാനയിലെ ഹൈദരാബാദിലുള്ള പള്ളിയിൽനിന്നുള്ള ചിത്രമാണ് പാകിസ്താനിലേതെന്ന പേരിൽ ദേശീയമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

‘ആൾട്ട് ന്യൂസ്’ ആണ് ചിത്രത്തിന്റെ വസ്തുത പുറത്തുകൊണ്ടുവന്നത്. ഹൈദരാബാദിലെ മദനപ്പേട്ട് ദാറാബ് ജങ് കോളനിയിലെ സാലാർ മുൽക് പള്ളിയിലെ ഖബറിസ്ഥാനിലാണ് വിവാദ ഖബറിടമുള്ളത്. ഹൈദരാബാദ് സ്വദേശിയായ യുവാവാണ് തന്റെ മാതാവിന്റെ ഖബറിനുമേൽ ഗ്രിൽ സ്ഥാപിച്ചത്. ഇവിടെ മറ്റാരും ഖബർ കുഴിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് പള്ളിയിലെ മുഅദ്ദിൻ മുഖ്താർ സാഹബ് വെളിപ്പെടുത്തിയത്.

ഹൈദരാബാദ് സ്വദേശിയായ സാമൂഹികപ്രവർത്തകൻ അബ്ദുൽ ജലീൽ സംഭവസ്ഥലത്തെത്തി മുഅദ്ദിനുമായി സംസാരിക്കുന്ന വിഡിയോ ‘ആൾട്ട് ന്യൂസ്’ പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താനിൽ ശവരതി തടയാൻ മാതാപിതാക്കൾ ചെയ്യുന്നതാണെന്ന മാധ്യമ, സോഷ്യൽ മീഡിയ പ്രചാരണവും മുഖ്താർ സാഹബ് തള്ളി. പള്ളിയിലെ ശ്മശാനത്തിൽ സ്ഥലപരിമിതിമൂലം പഴയ ഖബറുകളിൽ വീണ്ടും കുഴിയെടുത്ത് ഖബറടക്കം നടക്കുന്ന രീതിയുണ്ട്. ഇത് തടയാനാണ് നാട്ടുകാരൻ തന്റെ മാതാവിന്റെ ഖബറിൽ ഗ്രിൽ ഘടിപ്പിച്ചതെന്ന് മുഅദ്ദിൻ വിശദീകരിച്ചു. ഇതോടൊപ്പം വിവാദ ഖബർ സ്ഥിതി ചെയ്യുന്നത് ശ്മശാനത്തിന്റെ കവാടത്തിലാണ്. ഇതുവഴി കടന്നുപോകുന്നവർ ഖബറിൽ ചവിട്ടുന്നത് തടയുകകൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.

70 വയസുകാരിയുടെ ഖബറാണിതെന്നാണ് അന്വേഷണത്തിൽ മനസിലായത്. ഏകദേശം രണ്ടു വർഷംമുൻപായിരുന്നു ഇവരുടെ മരണം. മരണത്തിനുശേഷം 40 ദിവസം കഴിഞ്ഞാണ് മകൻ ഖബറിൽ ഗ്രിൽ സ്ഥാപിച്ചത്.

ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ആദ്യമായി വാർത്ത പുറത്തുവിടുന്നത്. ഇത് ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും ഇതേ വാർത്ത പ്രസിദ്ധീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യ, എൻ.ഡി.ടി.വി, ഇന്ത്യ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, ദി പ്രിന്റ്, ടൈംസ് നൗ, ഫസ്റ്റ് പോസ്റ്റ്, ന്യൂസ്18, എ.ബി.പി, സീ ന്യൂസ്, ഇന്ത്യ ടി.വി ഉൾപ്പെടെ ഇതേ ചിത്രങ്ങൾ പാകിസ്താനിലേതെന്ന പേരിൽ വാർത്ത നൽകി. എ.എൻ.ഐയുടെ അതേ വാദങ്ങൾ നിരത്തിയായിരുന്നു വാർത്തകൾ.

എന്നാൽ, ആസ്‌ട്രേലിയയിൽ കഴിയുന്ന യുക്തിവാദിയായ എഴുത്തുകാരന്‍ ഹാരിസ് സുൽത്താൻ ആണ് ചിത്രം ആദ്യമായി ട്വീറ്റ് ചെയ്തത്. മക്കളെ ശവരതി നടത്തുന്നത് തടയാൻ പാകിസ്താനിൽ രക്ഷിതാക്കൾ ഖബറുകൾ താഴിട്ടുപൂട്ടുന്നുവെന്ന അടിക്കുറിപ്പോടെയായിരുന്നു ഹാരിസിന്റെ ട്വീറ്റ്. ഇത് ഏറ്റെടുത്തായിരുന്നു എ.എൻ.ഐയുടെ വാർത്ത. എന്നാൽ, വാർത്തയുടെ യാഥാർത്ഥ്യം വസ്തുതാന്വേഷണ മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈറും ‘ആൾട്ട് ന്യൂസും’ പുറത്തുകൊണ്ടുവന്നതോടെ ഹാരിസ് സുൽത്താൻ ടീറ്റ് പിൻവലിച്ചു മാപ്പുപറഞ്ഞു.

എന്നാൽ, എ.എൻ.ഐയോ ചിത്രം ഏറ്റെടുത്ത മറ്റ് ദേശീയ മാധ്യമങ്ങളോ ഇതുവരെയും വ്യാജവാർത്ത പിൻവലിക്കുകയോ മാപ്പുപറയുകയോ ചെയ്തിട്ടില്ല.

 

 

Are the graves of daughters closed down in Pakistan due to fear of Shawarati? Fake news of the national media by sharing the picture of Hyderabad

Leave a Reply

Your email address will not be published. Required fields are marked *