അർജന്റീന ഫുട്ബാൾ പ്രസിഡന്റിന് രാജ്യം വിടുന്നതിന് വിലക്ക്

ബ്വേനസ് എയ്റിസ്: നിരവധി അന്വേഷണങ്ങൾ നേരിടുന്ന അർജന്റീനിയൻഫുട്ബോൾ അസോസിയേഷൻ (എ.എഫ്.എ) പ്രസിഡന്റിനെയും നാല് ഉദ്യോഗസ്ഥരെയും രാജ്യം വിടുന്നതിൽനിന്ന് വിലക്കി.
സംഭാവനകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള കേസിൽ ഇവർക്ക് ഹാജരാകാൻ നോട്ടീസ് അയച്ചു. ക്ലോഡിയോ ടാപിയയുടെ സ്വത്തുക്കളെയും സംഘടനയുടെ സാമ്പത്തിക മാനേജ്മെന്റിനെയും കുറിച്ച് നിരവധി അന്വേഷണങ്ങൾ നേരിടുന്നുണ്ട്. മാർച്ച് അഞ്ചിന് ബ്വേനസ് എയ്റിസ് കോടതിയിൽ ഹാജരാകാനാണ് ജഡ്ജി ഡീഗോ അമരാന്റേ ഉത്തരവിട്ടത്. കസ്റ്റംസ് കലക്ഷൻ ആൻഡ് കൺട്രോൾ ഏജൻസി ആണ് ഇദ്ദേഹത്തിനെതിരെ പരാതി നൽകിയത്.
കേസിന്റെ ഗൗരവം കണക്കിലെടുത്തും നിയമനടപടികളുടെ പൂർത്തീകരണം ഉറപ്പാക്കാനുമാണ് ടാപിയയെ രാജ്യം വിടുന്നതിൽനിന്ന് ജഡ്ജി വിലക്കിയത്. കോടതിയിൽ ഹാജരായ ശേഷവും യാത്രാ വിലക്ക് തുടരുകയാണെങ്കിൽ മാർച്ച് 27ന് ഖത്തറിൽ നടക്കാനിരിക്കുന്ന അർജന്റീന- സ്പെയിൻ ഫൈനലിസിമയിൽ ടാപിയയ്ക്ക് പങ്കെടുക്കാനാകില്ല. എ.എഫ്.എ ട്രഷറർ പാബ്ലോ ടോവിഗ്ഗിനോ, സെക്രട്ടറി ജനറൽ ക്രിസ്റ്റ്യൻ മലാസ്പിന, ജനറൽ ഡയറക്ടർ ഗുസ്താവോ ലോറെൻസോ, മുൻ റേസിങ് ക്ലബ് പ്രസിഡന്റ് വിക്ടർ ബ്ലാങ്കോ എന്നിവരാണ് വിലക്കുള്ള മറ്റു ഭാരവാഹികൾ.
