‘പി ജയരാജൻ കേരള മനസാക്ഷിയുടെ കോടതിയിൽ അന്നുമിന്നും കുറ്റക്കാരൻ; പ്രാണഭയം കൊണ്ട് സാക്ഷികൾ നിശബ്ദരായി…’

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനെ കോടതി കുറ്റവിമുക്തനാക്കിയതിൽ സി.പി.എമ്മിന് ആശ്വസിക്കാൻ ഒന്നുമില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ. സാക്ഷിമൊഴികളുടെ അഭാവം സ്വാഭാവികമായി സംഭവിച്ചതല്ലെന്നും ഭീഷണികളിലൂടെ സൃഷ്ടിച്ചെടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു. പ്രാണഭയം മൂലം സാക്ഷികൾ നിശ്ശബ്ദരായതിന്റെ ഫലമായാണ് ജയരാജന് കുറ്റവിമുക്തി ലഭിച്ചതെന്നും ഷിബു മീരാൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.
കേസിൽ ശിക്ഷിക്കപ്പെട്ടവരെല്ലാം സി.പി.എം പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർക്കുവേണ്ടി കേസ് നടത്തിയത് സി.പി.എം തന്നെയാണെന്നും ഷുക്കൂറിന്റെ കൊലപാതകത്തിൽ പാർട്ടിക്കുള്ള പങ്ക് വ്യക്തമാക്കുന്ന വിധിയാണ് കോടതിയിൽനിന്നുണ്ടായതെന്നും ഷിബു മീരാൻ അഭിപ്രായപ്പെട്ടു.
‘സാക്ഷിമൊഴികളുടെ അഭാവം വെറുതെ ഉണ്ടായതല്ല. ഭീഷണികളിലൂടെ ഉണ്ടാക്കിയതാണ്. പ്രാണഭയം കൊണ്ട് സാക്ഷികൾ നിശബ്ദരായപ്പോൾ ജയരാജന് കിട്ടിയ കുറ്റവിമുക്തിയിൽ സി പി എമ്മിനു ആശ്വസിക്കാനൊന്നുമില്ല. കേരള സമൂഹത്തിന്റെ മനസാക്ഷി കോടതിയിൽ അന്നുമിന്നും പി ജയരാജൻ കുറ്റക്കാരനാണ്.
ശിക്ഷിക്കപ്പെട്ടവർ എല്ലാവരും സി പി എം പ്രവർത്തകരും, പ്രാദേശിക നേതാക്കളും ആണ്. അവരുടെ കേസ് നടത്തിയത് സി പി എം ആണ്. ഷുക്കൂറിനെ കൊന്നത് സി പി എം ആണ് എന്ന് നൂറുവട്ടം ഉറപ്പിച്ചു പറയുന്ന വിധി തന്നെയാണിത്. തോരാകണ്ണീരാണ് ഷുക്കൂർ. മരിക്കാത്ത ഓർമയാണ്. പൂർണ നീതിക്കായി പോരാട്ടം തുടരും’ -ഷിബു മീരാൻ കുറിച്ചു.
ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെങ്കിലും 13 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. 18 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജയരാജനെയും രാജേഷിനെയും കോടതി വെറുതെവിട്ടത്.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻകടവിൽ മുസ്ലിം ലീഗ് പ്രവർത്തകനായ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സി.പി.എം നേതാക്കൾ സഞ്ചരിച്ച വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നാണ് സി.ബി.ഐയുടെ കേസ്. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ അന്വേഷണത്തിലേക്ക് എത്തിയത്. പതിനാലുവർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്.
