രണ്ട് പതിറ്റാണ്ടിന്റെ ഫുട്ബാൾ യാത്രയ്ക്ക് വിരാമം; പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുവാൻ മാട്ട

മുൻ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും സ്പെയിനിന്റെ ലോകകപ്പ് ജേതാവുമായ യുവാൻ മാട്ട 38-ാം വയസ്സിൽ ഫുട്ബാളിനോട് വിടപറയുമ്പോൾ, രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിലെ ഓർമകൾ പങ്കുവെച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഒവിയേഡോയിലെ ജുവന്റഡ് എസ്റ്റാഡിയോയിൽ ചിത്രീകരിച്ച വിടവാങ്ങൽ വീഡിയോയിലൂടെയാണ് താരം തീരുമാനം അറിയിച്ചത്. പത്താം വയസ്സിൽ തുടങ്ങിയ ഫുട്ബോൾ യാത്രയ്ക്ക് വിരാമമിടുമ്പോൾ, “ചിലപ്പോൾ സ്നേഹിക്കുക എന്നതിനർത്ഥം വിട്ടുകൊടുക്കുക എന്നാണ്. നന്ദി ഫുട്ബോൾ” എന്ന കുറിപ്പും താരം പങ്കുവെച്ചു. പ്രൊഫഷണലായി കളി അവസാനിപ്പിച്ചാലും ഫുട്ബോൾ തന്റെ ജീവിതത്തിൽ നിന്ന് ഒരിക്കലും അകലില്ലെന്നും ഈ കായികരംഗത്തോടുള്ള സ്നേഹം തുടരുമെന്നും മാട്ട വ്യക്തമാക്കി. “എനിക്ക് പ്രൊഫഷണലായി കളിക്കുന്നത് നിർത്താൻ കഴിയും, പക്ഷേ ഞാൻ ഒരിക്കലും ഒരു ഫുട്ബോൾ കളിക്കാരനാകുന്നത് അവസാനിപ്പിക്കില്ല” എന്ന് സ്പാനിഷ് താരം ഉറപ്പിച്ചു പറഞ്ഞു.
700-ലധികം പ്രൊഫഷണൽ മത്സരങ്ങൾ കളിച്ച മാട്ടയ്ക്ക്, സ്പെയിൻ, ഇംഗ്ലണ്ട്, തുർക്കി, ജപ്പാൻ, ഓസ്ട്രേലിയ എന്നീ അഞ്ച് രാജ്യങ്ങളിലായി രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് ഇതോടെ തിരശീല വീഴുന്നത്. 2010 ഫിഫ ലോകകപ്പും 2012 യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയ സ്പെയിനിന്റെ സുവർണ്ണ തലമുറയിലെ പ്രധാന താരമായിരുന്നു മാട്ട. 2012 യൂറോ ഫൈനലിൽ ഇറ്റലിക്കെതിരായ 4-0 വിജയത്തിൽ ഒരു ഗോൾ നേടിയ താരം, സ്പെയിനിനായി 41 സീനിയർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും നേടിയിട്ടുണ്ട്.
റയൽ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിലൂടെ കളിച്ച് വളർന്ന മാട്ട, വലൻസിയയിലെ മികച്ച പ്രകടനത്തിലൂടെ യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധേയനായി മാറി. 2008-ൽ കോപ്പ ഡെൽ റേ കിരീടം നേടിയ താരം, 2011-ൽ ചെൽസിയിലേക്കുള്ള മാറ്റം ഒരു പ്രധാന വഴിത്തിരിവായി. പ്രീമിയർ ലീഗിലെ മുൻനിര പ്ലേമേക്കർമാരിൽ ഒരാളായി മാറിയ അദ്ദേഹം, 2012-ൽ ബയേൺ മ്യൂണിക്കിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് ലണ്ടൻ ക്ലബ്ബിന് ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലും പങ്കാളിയായി.
2014 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ മാട്ട, എട്ട് വർഷത്തിലേറെ നീണ്ട കാലയളവിൽ 285 മത്സരങ്ങളിൽ കളിച്ച് എഫ്എ കപ്പ്, ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ്, യൂറോപ്പ ലീഗ് കിരീടങ്ങൾ നേടി. പിന്നീട് ഗലാറ്റസറേയ്ക്കൊപ്പം തുർക്കിയിലും വിസ്സൽ കോബെയ്ക്കൊപ്പം ജപ്പാനിലും ലീഗ് കിരീടങ്ങൾ ഉയർത്തിയ താരം, കരിയറിന്റെ അവസാന ഘട്ടത്തിൽ ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ്, മെൽബൺ വിക്ടറി ടീമുകൾക്കായും കളിച്ചു.
കളി ജീവിതത്തിലെ അവസാന ഘട്ടം എ-ലീഗ് മെൻ സീസണിൽ മെൽബൺ വിക്ടറിക്കൊപ്പം ചെലവഴിച്ച മാട്ട, 24 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും 13 അസിസ്റ്റുകളും നേടി, ലീഗിലെ മികച്ച താരത്തിനുള്ള ജോണി വാറൻ മെഡലും മികച്ച പ്ലേമേക്കർ പുരസ്കാരവും കരസ്ഥമാക്കിയാണ് കളം വിടുന്നത്.
700-ലധികം മത്സരങ്ങളിൽ നിന്ന് 158 ഗോളുകളും 175 അസിസ്റ്റുകളും നേടിയ മാട്ട, കളിക്കളത്തിലെ മികവിനൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ലോകമെമ്പാടുമുള്ള സാമൂഹിക, മാനുഷിക മുന്നേറ്റങ്ങൾക്കായി തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം സംഭാവന ചെയ്യാൻ താരങ്ങളെയും കായികപ്രേമികളെയും പ്രേരിപ്പിക്കുന്ന ‘കോമൺ ഗോൾ’ എന്ന സംരംഭത്തിന്റെ സഹ-സ്ഥാപകനും നിലവിലെ വൈസ് ചെയർമാനുമാണ് അദ്ദേഹം. അമേരിക്കൻ ക്ലബ്ബായ സാൻ ഡീഗോ ഉൾപ്പെടെയുള്ള കായിക-നിക്ഷേപ സംരംഭങ്ങളിലും പങ്കാളിയായ മാട്ട, പ്രൊഫഷണൽ കരിയറിനപ്പുറം കായികരംഗത്തിനും സമൂഹത്തിനും നൽകുന്ന സംഭാവനയും ഫുട്ബാളിനോടുള്ള അണയാത്ത ആവേശവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
