‘മാർച്ച് 15ന് മുമ്പ് സൈന്യത്തെ പിൻവലിക്കണം’; ഇന്ത്യക്ക് സമയപരിധി നിശ്ചയിച്ച് മാലദ്വീപ്

ന്യൂഡൽഹി: മാലദ്വീപിൽനിന്ന് മാർച്ച് 15ന് മുമ്പ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു. മുയിസു അധികാരത്തിലെത്തിയത് മുതൽ മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സമയപരിധി നിശ്ചയിച്ചിരുന്നില്ല. കടൽ സുരക്ഷക്കും ദുരന്തനിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശങ്ങൾ അടുത്തിടെ വിവാദമായിരുന്നു. മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവർ പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനോട് അപകീർത്തികരമായി പ്രതികരിച്ചതാണ് വിവാദമായത്. തുടർന്ന് പ്രസിഡന്റ് മുയിസു ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.

ചൈനയുമായി കൂടുതൽ അടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ മാലദ്വീപ് നടത്തുന്നത്. ഇതിനിടെ ചൈന സന്ദർശിച്ച മുയിസു 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു. കരാറുകളിൽ ഒപ്പുവച്ചതിന് പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *