പെട്രോൾ അടിച്ച പണം ചോദിച്ചു; കണ്ണൂരിൽ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ പൊലീസുകാരന്റെ ശ്രമം

Asked for petrol money; A policeman's attempt to kill a pump worker in Kannur

 

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ പൊലീസുകാരന്റെ ശ്രമം. ഇന്ധനം നിറച്ച പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ പൊലീസുകാരൻ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. കണ്ണൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് മെസ്സ് ഡ്രൈവർ സന്തോഷാണ് പെട്രോൾ പമ്പ് ജീവനക്കാരനായ അനിലിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്..

കണ്ണൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് എകെജി ആശുപത്രിയിലേക്ക് പോകുംവഴിയുള്ള എംകെപിടി എന്ന പമ്പിലാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാനായി തന്റെ സ്വിഫ്റ്റ് കാറിൽ സന്തോഷ് എത്തിയിരുന്നു. എണ്ണയടിച്ചതിന് ശേഷം ഇയാൾ പണം നൽകാതെ പുറത്തേക്ക് പോയി. തുടർന്ന് ഇത് ചോദ്യം ചെയ്ത് അനിൽ കാറിനെ പിന്തുടർന്നു. പിന്നാലെ കാർ നിർത്തി സന്തോഷ് പകുതി പണം നൽകി. എന്നാൽ മുഴുവനും വേണമെന്ന് അനിൽ ആവശ്യപ്പെട്ടു.

ആ സമയം കുറച്ച് ദൂരം കാർ മുന്നോട്ടെടുത്ത് സന്തോഷ് വേഗത കുറച്ചു. തുടർന്ന് പണം മുഴുവൻ നൽകാനാണെന്ന് തെറ്റിദ്ധരിച്ച് അനിൽ കാറിന്റെ മുന്നിലെത്തി. എന്നാൽ അനിലിനെ ഇടിച്ച് കാർ മുന്നോട്ട് കുതിക്കുകയാണുണ്ടായത്. മെയിൻ റോഡിൽ അരക്കിലോമീറ്ററോളം അനിലിനെ ബോണറ്റിൽ വഹിച്ച് കാർ പോകുന്ന ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

സമാനമായ നിരവധി കേസുകളിൽ സന്തോഷ് പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ വെച്ച് പൊലീസിൽ പമ്പ് അധികൃതർ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അനിലിന്റെയും പമ്പ് ജീവനക്കാരുടെയും മൊഴിയും സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *