അടപടലം അയർലന്‍റ്; മൂന്നക്കം കടക്കാതെ പുറത്ത്
ന്യൂയോര്‍ക്ക്: ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ പന്തെടുത്തവരൊക്കെ തീതുപ്പിയപ്പോള്‍ അയർലന്റിനെ എറിഞ്ഞിട്ട് ഇന്ത്യ. ഐറിഷ് പട 15 ഓവറില്‍ വെറും 96 റൺസിന് കൂടാരം കയറി. ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷദീപ് സിങും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.Atapatalam
ടോസ് നേടിയ ഇന്ത്യ അയർലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരി വക്കും വിധമായിരുന്നു ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനം. മൂന്നാം ഓവറിൽ ഓപ്പണർമാരെ രണ്ടാളേയും വീഴ്ത്തി അർഷദീപ് സിങ്ങാണ് ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ നൽകിയത്. ഓവറിലെ ആദ്യ പന്തിൽ സ്റ്റിർലിങ്ങിനെ പന്തിന്റെ കയ്യിലെത്തിച്ച അർഷദീപ് അവസാന പന്തിൽ ബാൾബിർനിയെ ബൗൾഡാക്കി. ലോർക്കാൻ ടക്കറിന്റെ കുറ്റി തെറിപ്പിച്ച് ഏഴാം ഓവറിൽ ഹർദിക് പാണ്ഡ്യ വരവറിയിച്ചു. അടുത്ത ഓവറിൽ ഹാരി ടെക്ടറെ ബുംറ കോഹ്ലിയുടെ കയ്യിലെത്തിച്ചു. ഒമ്പതാം ഓവറിൽ കുർട്ടിസ് കാംഫർ ഹർദികിന്റെ പന്തിൽ വീണു. പിന്നെയെല്ലാം ചടങ്ങുകളായിരുന്നു. കൃത്യമായ ഇടവേളകളിൽ ഐറിഷ് ബാറ്റർമാർ മുഴുവൻ പേരും കൂടാരം കയറി.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗാരെത് ഡിലാനിയാണ് അയര്‍ലന്‍റിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 14 പന്തില്‍ 26 റണ്‍സെടുത്ത ഡിലാനിയാണ് അയര്‍ലന്‍റിന്‍റെ ടോപ് സ്കോറര്‍. ഏഴ് അയര്‍ലന്‍റ് ബാറ്റര്‍മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്.