ഡൽഹിയിൽ വീണ്ടും കൊടുംക്രൂരത; 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; തല തകർത്തു
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും കൊടുംക്രൂരത. വടക്കൻ ഡൽഹിയിൽ 10 വയസുകാരിയെ അയൽവാസികൾ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. മൃതദേഹം കണ്ടെത്തിയത് തല തകർത്ത നിലയിൽ. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാഹുൽ (20), ദേവ് ദത്ത് (30) എന്നിവരാണ് പിടിയിലായത്.raped
നരേല പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ ഒറ്റപ്പെട്ട സ്ഥലത്ത് തല തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
‘വെള്ളിയാഴ്ച അർധരാത്രി 12.30ഓടെ ഞങ്ങൾക്കൊരു കോൾ വന്നു. മകളെ കാണാനില്ലെന്ന് പറഞ്ഞ് പിതാവാണ് വിളിച്ചത്. രാത്രി 9.45ഓടെയാണ് മകളെ കാണാതായതെന്ന് പിതാവ് പറഞ്ഞു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതോടെയാണ് അവർ പൊലീസിനെ വിളിച്ചത്’- ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രവി കുമാർ പറഞ്ഞു.
പിന്നാലെ, പൊലീസ് നടത്തിയ തെരച്ചിലിൽ പെൺകുട്ടിയുടെ മൃതദേഹം തല തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസിയായ രാഹുൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാർ കണ്ടിരുന്നു. പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെയും സുഹൃത്ത് ദേവ്ദത്തിനെയും പിടികൂടുകയായിരുന്നെന്ന് ഡിസിപി പറഞ്ഞു.
അടുത്തുള്ള ഭക്ഷണശാലയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കുറ്റകൃത്യം ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സംഭവത്തിൽ ഐപിസി 363 (തട്ടിക്കൊണ്ടുപോവൽ), 302 (കൊലപാതകം), 376 ഡി (കൂട്ടബലാത്സംഗം) എന്നിവയും പോക്സോയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.