അട്ടപ്പാടി മധുവധക്കേസ്: പ്രതികള്‍ക്ക് ഏഴ് വർഷം കഠിന തടവും പിഴയും

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ഒന്നാം പ്രതി ഹുസൈന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും. രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി പി.സജീവ്, പതിമൂന്നാം പ്രതി സതീഷ് , പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനെട്ടായിരം പിഴയും ചുമത്തി.

പതിനാറാം പ്രതി മുനീറിന് ഐ.പി.സി 352 പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പരമവധി 3 മാസം തടവാണ് ശിക്ഷ. നേരത്തെ ജയിൽവാസം അനുഭവിച്ചതിനാൽ മുനീറിന് ഇനി ശിക്ഷ അനുഭവിക്കേണ്ടിവരില്ല. 500 രൂപ പിഴയടക്കേണ്ടിവരും.

പിഴതുകയുടെ 50 ശതമാനം മധുവിന്റെ അമ്മക്ക് നൽകണം. കൂറുമാറിയ സാക്ഷികൾക്ക് എതിരായ നടപടി ഹൈക്കോടതി സ്റ്റേ പിൻവലിച്ചതിന് ശേഷമായിരിക്കും. പ്രതികളെ തവനൂർ സെന്റർ ജയിലിലേക്ക് മാറ്റും.

പ്രതികള്‍ ഇവര്‍; ഒന്നാം പ്രതി – ഹുസൈൻ മേച്ചേരിയിൽ (59 വയസ് ) പാക്കുളം സ്വദേശി, രണ്ടാം പ്രതി – കിളയിൽ മരയ്ക്കാർ (41 വയസ് ) മുക്കാലി സ്വദേശി, മൂന്നാം പ്രതി -ഷംസുദ്ദീൻ പൊതുവച്ചോല (41 വയസ് ) മുക്കാലി സ്വദേശി, അഞ്ചാം പ്രതി – ടി. രാധാകൃഷ്ണൻ, മുക്കാലി സ്വദേശി, ആറാം പ്രതി -അബൂബക്കർ ( 39 വയസ് ) – പൊതുവച്ചോല സ്വദേശി, ഏഴാം പ്രതി -സിദ്ദീഖ് (46 വയസ് ) മുക്കാലി സ്വദേശി, എട്ടാംപ്രതി – ഉബൈദ് (33 വയസ് ) മുക്കാലി സ്വദേശി, ഒൻപതാം പ്രതി -നജീബ് (41 വയസ്) മുക്കാലി സ്വദേശി, പത്താം പ്രതി -ജൈജുമോൻ (52) മുക്കാലി സ്വദേശി, പന്ത്രണ്ടാം പ്രതി -പി. സജീവ് (38 ) കള്ളമല സ്വദേശി, പതിമൂന്നാം പ്രതി – സതീഷ് (43) മുക്കാലി സ്വദേശി, പതിനാലാം പ്രതി -ഹരീഷ് (42) മുക്കാലി സ്വദേശി, പതിനഞ്ചാം പ്രതി -ബിജു (45) മുക്കാലി സ്വദേശി, പതിനാറാം പ്രതി -മുനീർ ( 36 ) മുക്കാലി സ്വദേശി.

സംഭവം നടന്ന് അഞ്ച് വർഷത്തിനുശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി വിധി പറഞ്ഞത്. മാർച്ച് 10നു വാദം പൂർത്തിയായി. മാർച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി. 30ന് കേസ് പരിഗണിച്ചപ്പോഴാണ് ബുധനാഴ്ച വിധി പറയാനായി വീണ്ടും മാറ്റിയത്. വിധി പറയുന്ന സാഹചര്യത്തിൽ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.

കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ചെന്നും തുടര്‍ന്ന്, കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഏപ്രില്‍ 28-ന് വിചാരണ തുടങ്ങിയതുമുതല്‍ നടന്ന സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം വിവാദമായിരുന്നു. പ്രോസിക്യൂഷൻ മാത്രം 103 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. നേരത്തെ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയവർ പോലും കൂറുമാറിയതിൽ ഉൾപെടുന്നു. പ്രതികളുടെ സമ്മർദത്തെ തുടർന്നാണ് കൂറുമാറ്റമെന്ന് പിന്നീട് തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *